അമിക്കസ് ക്യൂറി റിപ്പോർട്ട് സാമാന്യയുക്തിക്ക് നിരക്കാത്തത്: പിണറായി വിജയൻ

single-img
4 April 2019

അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് അന്തിമ വിധിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമിക്കസ് ക്യൂറി ബന്ധപ്പെട്ട എല്ലാ കക്ഷികളില്‍നിന്നും വിവരമാരാഞ്ഞോ അവര്‍ക്കു പറയാനുള്ളത് കേട്ടശേഷമോ അല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന ചര്‍ച്ചയും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Support Evartha to Save Independent journalism

“കോടതിയുടെ നിരീക്ഷണമോ കമന്റോ പോലുമല്ല പുറത്തുവന്നത്. എല്ലാ കക്ഷികളില്‍നിന്നും വിവരം ആരാഞ്ഞശേഷമല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലവിഭവ കമ്മീഷന്‍, മദ്രാസ് ഐഐടി എന്നിവര്‍ അമിത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ സമിതികളും അന്താരാഷ്ട്ര സമൂഹവും കേരളം വെള്ളപ്പൊക്കത്തെ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കൊണ്ട് അമിക്കസ് ക്യൂറി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്ല്യമാണ്.” മുഖ്യമന്ത്രി പറഞ്ഞു.

പത്രങ്ങളിലെല്ലാം റിപ്പോര്‍ട്ടിന്‍റെ ഭാഗങ്ങളെന്ന നിലയില്‍ കുറേ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത് സംസ്ഥാനം നേരിട്ട ഈ ദുരന്തത്തെ ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെതിരായി തിരിച്ചുവിടാന്‍ സാധിക്കുമോ എന്ന ഉദ്ദേശത്തോടെയാണെന്നും പിണറാ‍യി ആരോപിച്ചു. അമിക്കസ് ക്യൂറി ബന്ധപ്പെട്ട എല്ലാ കക്ഷികളില്‍നിന്നും വിവരമാരാഞ്ഞോ അവര്‍ക്കു പറയാനുള്ളത് കേട്ടശേഷമോ അല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന ചര്‍ച്ചയും ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങേയറ്റത്തെ ശാസ്ത്രീയ-സാങ്കേതികജ്ഞാനം ആവശ്യമുള്ള വിഷയമാണിത്. സാങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലകമ്മീഷനും ചെന്നൈ ഐഐടി പോലുള്ള സംവിധാനങ്ങളും മഴയുടെ അമിതമായ വര്‍ദ്ധനവാണ് വെള്ളപ്പൊക്കത്തിനിടയാക്കിയിട്ടുള്ളത് എന്ന ശാസ്ത്രീയ നിഗമനത്തിലെത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

“അന്താരാഷ്ട്ര സമൂഹമാകെ പൊതുവിലും സാങ്കേതികജ്ഞാനമുള്ള വിദഗ്ധ സമിതികള്‍ പ്രത്യേകിച്ചും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതിയെ ആത്മാര്‍ത്ഥമായി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്‍റെ റിപ്പോര്‍ട്ടാണ് യാഥാര്‍ത്ഥ്യമെന്ന് പ്രചരിപ്പിക്കുന്നത്. ഇത് ബഹുമാനപ്പെട്ട കോടതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഇക്കാര്യത്തില്‍ അന്തിമവിധി പറയേണ്ടതും തീരുമാനിക്കേണ്ടതും അമിക്കസ്ക്യൂറി അല്ല, കോടതിയാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഇവര്‍ മറച്ചുവെയ്ക്കുന്നത്. ” പിണറായി പറഞ്ഞു.

ഡാമുകൾ തുറന്നുവിട്ടതുമൂലമാണ് പ്രളയമുണ്ടായതെന്ന വാദത്തെ പൂർണ്ണമായും ഖണ്ഡിച്ചുകൊണ്ട് തെളിവുകൾ നിരത്തിയായിരുന്നു പിണറായി വിജയന്റെ വിശദീകരണം. പ്രളയ സമയത്ത് ഡാമിലേക്ക് വന്നിട്ടുള്ള വെള്ളത്തിന്‍റെ ഒരു വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവയ്ക്കുകയാണ് ചെയ്തത്. ശേഷിക്കുന്നവ മാത്രമാണ് തുറന്നുവിട്ടതെന്നും പിണറായി പറഞ്ഞു.

“ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്ന് പെരിയാറിലേക്ക് പരമാവധി ഒഴുക്കി വിട്ട വെള്ളം 2900 ഘനമീറ്റര്‍ മാത്രമാണ്. ഇതില്‍ രണ്ടും എത്തിച്ചേര്‍ന്ന ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്ന് പുറത്തുവന്നത് 7700 ഘനമീറ്റര്‍ വെള്ളവും. അതായത് 4800 ഘനമീറ്റര്‍ വെള്ളം മേല്‍ ഡാമുകളില്‍ നിന്നല്ലാതെ ഭൂതത്താന്‍കെട്ടിലെത്തിയിട്ടുണ്ട്. ഭൂതത്താന്‍കെട്ടിന് താഴ് ഭാഗങ്ങളിലുള്ള മഴകൂടി കണക്കിലെടുത്താല്‍ പ്രളയമുണ്ടാക്കിയത് അതി ശക്തമായ മഴയാണെന്ന് വ്യക്തമാകും. അച്ചന്‍കോവില്‍, മീനച്ചിലാര്‍, ചാലിയാര്‍ തുടങ്ങിയ പുഴകളില്‍ ഡാമില്ല. ഡാമുകളില്ലാത്തിടത്ത് വെള്ളപ്പൊക്കമുണ്ടായത് ഡാം നിയന്ത്രണത്തില്‍ വന്ന പോരായ്മയാണെന്ന് പറഞ്ഞുകളയരുത് എന്ന ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്.” പിണറായി പറഞ്ഞു.

“2280 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികള്‍ക്കുള്ളൂ. എന്നാല്‍ 14000 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഓഗസ്റ്റ് 14 ന് ശേഷമുള്ള പെരുമഴക്കാലത്ത് മഴയിലൂടെ ഒഴുകിയെത്തിയത്. പ്രളയത്തെ സംബന്ധിച്ച് ശാസ്ത്രീയമായി പഠനങ്ങള്‍ നടത്തുന്ന ആധികാരിക ഏജന്‍സിയായ കേന്ദ്ര ജലകമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്ത് 13 മുതല്‍ 19 വരെ കേരളത്തിലെ ആകെ മഴയില്‍ 362% വര്‍ധനവാണ് ഉണ്ടായത്. ഇടുക്കിയില്‍ മാത്രം ഇത് 568% അധികമായിരുന്നു. അതായത് ഈ മഴയില്‍ ഒഴുകിയെത്തിയ വെള്ളം ഉള്‍ക്കൊള്ളാന്‍ നമ്മുടെ നദികള്‍ക്ക് കഴിഞ്ഞില്ല. ഇതാണ് പ്രളയമുണ്ടാക്കിയതെന്ന് സാമാന്യയുക്തിയുള്ളവര്‍ക്ക് മനസ്സിലാകും. ഇതേ സമയം തന്നെ കടല്‍ നിരപ്പ് ശരാശരിയില്‍ നിന്നും ഓഗസ്റ്റ് 10-ാം തീയ്യതി മുതല്‍ അസ്വാഭാവികമായ വേലിയേറ്റം മൂലം ഉയര്‍ന്ന് നില്‍ക്കുകയും അതിനാല്‍ കരയില്‍ നിന്ന് കടലിലേക്ക് ജലം ഒഴുകുന്നത് നിര്‍ണ്ണായകമായ നിലയില്‍ തടയപ്പെടുകയും ചെയ്തിരുന്നു. ”

പിണറായി പറഞ്ഞു.

പെരുമഴയുടെ സമയത്ത് ഇടുക്കി ഡാമില്‍ 2800 മുതല്‍ 3000 വരെ ഘനമീറ്റര്‍ വെള്ളം വന്നുചേര്‍ന്നിരുന്നു. എന്നാല്‍ ഈ സമയത്ത് പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്. ആഗസ്റ്റ് 9 മുതല്‍ 22 വരെ ഇടുക്കി റിസര്‍വോയറിലേക്ക് ഒഴുകിയെത്തിയ 999 ദശലക്ഷം ഘനമീറ്റര്‍ വെള്ളത്തില്‍ പുറത്തേക്കൊഴുക്കിയത് 827 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കക്കി-ആനത്തോട് ഡാമില്‍ ഈ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നത് 425 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. പുറത്തേക്കൊഴുക്കിയത് 379 ദശലക്ഷം ഘനമീറ്ററും. ഇടമലയാര്‍ ഡാമില്‍ 646 ദശലക്ഷം ഘനമീറ്റര്‍ വെള്ളമെത്തിച്ചേര്‍ന്നപ്പോള്‍ പുറത്തേക്കൊഴുക്കിയതാവട്ടെ 590 ദശലക്ഷം ഘനമീറ്റര്‍ വെള്ളവും. അതായത് അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഫലമായി ഒഴുകിയെത്തിയ വെള്ളത്തിന്‍റെ ഒരു പങ്ക് ഡാമുകള്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഈ അധിക ജലത്തെയും ഡാമുകള്‍ തടഞ്ഞുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ പ്രളയത്തിന്‍റെ കെടുതി ഇതിലും ശക്തമാകുമായിരുന്നുവെന്നും പിണറായി വിശദീകരിക്കുന്നു.