മോദിയ്ക്ക് യു എ ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ

single-img
4 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡല്‍ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. യു എ ഇ യുമായി നല്ല നയതന്ത്രബന്ധം നിലനിർത്തിയതിനാണ് ബഹുമതി.

മറ്റു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്കാരമാണ് യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള മെഡല്‍. രാജ്യങ്ങളുമായുളള ബന്ധം ദൃഢമാക്കുന്നതിനാണ് പൊതുവെ ബഹുമതി നല്‍കി വരാറുളളത്.

‘ഇന്ത്യയുമായി ചരിത്രപരവും വിശാലവുമായ തന്ത്രപരമായ ബന്ധമാണ് ഉളളത്. പ്രിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദി അത് ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. അതിനെ ബഹുമാനിച്ചാണ് ബഹുമതി നല്‍കുന്നത്,’ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്, ഫ്രഞ്ച് പ്രസിഡന്റായിരുന്ന നിക്കോളാസ് സർക്കോസി, ജർമ്മൻ ചാൻസലർ ആയിരുന്ന ഏയ്ഞ്ചല മാർക്കേൽ, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II, ചൈനീസ് പ്രസിഡണ്ട് സി ജിൻപിംഗ് എന്നിവരാണ് ഈ പുരസ്കാരം നേടിയിട്ടുള്ള മറ്റു പ്രമുഖർ.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണ യുഎഇ സന്ദര്‍ശിച്ചിരുന്നു. ഒടുവിലത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളും ഒപ്പുവെച്ചു. രണ്ട് വര്‍ഷം മുന്‍പ് അബുദാബി കിരീടാവകാശി ശൈഖ് ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയിരുന്നു.