ഇങ്ങനെയുള്ള സാമൂഹികവിരുദ്ധർ ജയിലിൽ കിടക്കട്ടെ; ജനുവരി മൂന്നിന് ഹർത്താൽ നടത്തി കട അടിച്ചു തകർത്ത പ്രതികളെ ജയിലിലയച്ച് ഹെെക്കോടതി

single-img
4 April 2019

ഒരാളുടെ കടയില്‍ അതിക്രമിച്ച് കയറി തകര്‍ത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ കേസിലെ പ്രതിക്ക് ജാമ്യം നൽകാതെ ഹെെക്കോടതി. പ്രതികളായ പി. വിനോദിനും മറ്റും കൊല്ലം ജില്ലാ കോടതി ജാമ്യം നല്‍കിയില്ല. അതിന് എതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച കോടതി ഇങ്ങനെയുള്ള സാമൂഹികദ്രോഹികള്‍ ജയിലില്‍ കിടക്കട്ടെ എന്ന് അതീവ ഗൗരവത്തോടെ പറഞ്ഞു.കൊല്ലം ചാത്തന്നൂര്‍ പോലീസാണ് കേസ് എടുത്തത്. കഴിഞ്ഞ ജനുവരി മൂന്നിന് ഹർത്താൽ നടത്തി ഒരാളുടെ കട അടിച്ചു തകര്‍ത്ത് കടക്കാരന് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് വിധി.

ഹര്‍ത്താല്‍ നടത്താമെന്ന് വെച്ച് മറ്റൊരാളുടെ സ്വത്തുക്കളും മറ്റും നശിപ്പിക്കാനുള്ള ലൈസന്‍സായി അത് കാണാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഈ പ്രവൃത്തി ഗുണ്ടായിസം മാത്രമല്ല, തികഞ്ഞ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടിയാണെന്ന് ഹൈക്കോടതി അതിനിശിതമായി കുറ്റപ്പെടുത്തി.

ഹര്‍ത്താല്‍ ദിവസം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. മറ്റൊരാളുടെ ജീവനും സ്വത്തിനും ഭീഷണിയാകരുത്. ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി വിധികള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ചിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.

അതിനാല്‍ ഇങ്ങനെയുള്ള സാമൂഹികവിരുദ്ധരോട് യാതൊരു വിധത്തിലുള്ള അനുകമ്പയും പാടില്ല. അതുകൊണ്ടാണ് സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. പ്രസ്തുത വിധി ശരിവെക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.