വിജയ് മല്യയുടെ ലണ്ടനിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നീക്കവുമായി ബാങ്കുകളുടെ കൺസോർഷ്യം

single-img
4 April 2019

ലണ്ടൻ: വിവാദ വ്യവസായി വിജയ് മല്യയുടെ ലണ്ടനിലെ ഐ സി ഐ സി ഐ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ എസ് ബി ഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യം നീക്കം തുടങ്ങി. ഇതിനായി ബാങ്കുകളുടെ കൺസോർഷ്യം ലണ്ടനിലെ കോടതിയിൽ അപേക്ഷ നൽകി.

വിജയ്‌ മല്യക്ക് പണം ലഭിക്കുന്നതിനുള്ള ഏകമാർഗം ഈ ബാങ്ക് അക്കൗണ്ടാണ്. ഏകദേശം 16 ലക്ഷം രൂപയാണ് മല്യയുടെ ഒരാഴ്ചത്തെ ചെലവ്. ലണ്ടനിനുള്ള മല്യയുടെ ആഡംബര ജീവിതം ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയുമായി ബാങ്കുകൾ രംഗത്തെത്തിയത്.

ഏകദേശം 23 കോടിയാണ് മല്യയുടെ ഐ സി ഐ സി ഐ ബാങ്ക് അക്കൗണ്ടിൽ നിലവിലുള്ളത്. മല്യ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടവിൻെറ ഭാഗമായി ഈ അക്കൗണ്ടിലെ പണം കൂടി കണ്ടുകെട്ടാൻ അനുവദിക്കണമെന്നാണ് എസ് ബി ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൻെറ ആവശ്യം.

എന്നാല്‍, ലണ്ടനിൽ ചെലവഴിക്കുന്ന പണത്തിൻെറ അളവ് കുറക്കാമെന്ന് വിജയ് മല്യയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. യുറോപ്പിലെ ചില വ്യവസായ സംരംഭങ്ങളിൽ നിന്ന് മല്യക്ക് ഇപ്പോഴും പണം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.