മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍

single-img
3 April 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തു.

ഇന്ന് വൈകിട്ട്  കോഴിക്കോട് ചേര്‍ന്ന ഉന്നതതല നേതൃയോഗത്തിലാണ് തീരുമാനം. കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി സാദിഖലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു. വയനാട് ഡി സി സി പ്രസിഡന്‍റ് ഐ സി ബാലകൃഷ്ണന്‍ വൈസ് ചെയര്‍മാനാണ്. കണ്‍വീനര്‍മാരായി ടി.സിദ്ദിഖിനെയും വി.വി പ്രകാശിനെയും തെരഞ്ഞെടുത്തു.


എ ഐ സി സിയുടെ ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് യോഗം ചേര്‍ന്നത്. ഘടക കക്ഷിയായ മുസ്‍ലിം ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി ഇന്ന് രാത്രിയോടെ കോഴിക്കോടെത്തും. നാളെ രാവിലെ കോഴിക്കോട് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം വയനാട്ടിലെത്തും.


നാളെ നാമനിര്‍ദ്ദേശപത്രിക നല്‍കി മടങ്ങിപോകുന്ന രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി മണ്ഡലത്തിലെത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കൊപ്പം എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമെത്തും. ഇരുവരും ചേര്‍ന്നുള്ള റോ‍ഡ് ഷോക്ക് ശേഷമായിരിക്കും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക.