കുവൈത്തിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തിയേക്കും

single-img
3 April 2019


വിദേശികള്‍ക്ക് റെമിറ്റന്‍സ് ടാക്‌സ് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് കുവൈത്ത് പാര്‍ലമെന്റിലെ സാമ്പത്തികകാര്യ സമിതി. കുവൈത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 48 ചൂണ്ടിക്കാട്ടിയാണ് റെമിറ്റന്‍സ് ടാക്‌സ് നീതിക്കും സമത്വത്തിനും എതില്ലെന്നു സാമ്പത്തികകാര്യ സമിതി വ്യക്തമാക്കിയത്.

വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരമാവധി ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് ധനകാര്യ സമിതിയുടെ നിലപാട്. അതേസമയം നികുതി നിര്‍ദേശത്തില്‍ പാര്‍ലമെന്റില്‍ തന്നെ ഭിന്നാഭിപ്രായങ്ങളാണ്.

വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നാണ് നിയമകാര്യ സമിതിയുടെ വാദം. റെമിറ്റന്‍സ് ടാക്‌സ് നടപ്പാക്കിയാല്‍ സമ്പദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്ന് വിലയിരുത്തി നേരത്തെ മന്ത്രിസഭയും നിര്‍ദേശം നിരാകരിച്ചിരുന്നു.

നികുതി ഏര്‍പ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികള്‍ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നുമാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. കള്ളപ്പണം ഒഴുകുമെന്നു ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബാങ്കും റെമിറ്റന്‍സ് ടാക്‌സ് നടപ്പാക്കുന്നതിനെ എതിര്‍ത്തിരുന്നു. നികുതി നിര്‍ദേശം കഴിഞ്ഞ ജനുവരിയില്‍ പാര്‍ലമെന്റിലെ നിയമകാര്യ സമിതി ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു.