കെ സുരേന്ദ്രൻ്റെ പത്രിക തള്ളാൻ സാധ്യത; സുരേന്ദ്രനെതിരേ 143 കേസുകള്‍ കൂടിയുണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍

single-img
3 April 2019

പത്തനംതിട്ടയിലെ എന്‍ഡിഎ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രൻ്റെ നാമനിർദ്ദേശ പത്രിക തള്ളാൻ സാധ്യത. സുരേന്ദ്രനെതിരെ 143 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു െഹെക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി. എന്നാല്‍, ബിജെപി. സ്ഥാനാര്‍ഥികളായ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ നാമനിര്‍ദേശപത്രികയില്‍ ഈ കേസുകളുടെ വിവരങ്ങളില്ല. ഇത്രയേറെ കേസുകളുള്ളതായി ഇവര്‍ക്കു നോട്ടീസ് ലഭിക്കാത്തതാണു കാരണം. നാമനിര്‍ദേശപത്രികയില്‍ 20 കേസുകളുടെ വിവരമാണു സുരേന്ദ്രന്‍ നല്‍കിയിട്ടുള്ളത്.

ഇക്കാരണം കൊണ്ട് നാമനിർദ്ദേശപത്രിക പിൻവലിച്ച വീണ്ടും സമർപ്പിക്കേണ്ടി വരുമെന്നാണ് സൂചനകൾ. കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുടെ പേരില്‍ പാറശാല മുതല്‍ കാസര്‍ഗോഡ് വരെ വിവിധ സ്‌റ്റേഷനുകളിലായാണ് ഇത്രയും കേസുകളെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

സുരേന്ദ്രനു പുറമേ ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍ക്കും ബി.ജെ.പി. നേതാക്കള്‍ക്കുമെതിരേ കേസുകളുണ്ട്. പുതിയ കേസുകളുടെ വിവരവും ഉള്‍പ്പെടുത്തി സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണു സൂചന. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ െഹെക്കോടതിയില്‍ നല്‍കിയ കോടതിയക്ഷ്യഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു കേസുകളുടെ വിശദാംശങ്ങള്‍.

ശോഭാ സുരേന്ദ്രനെതിരേ ആറു കേസുണ്ട്. എന്നാല്‍, കെ. സുരേന്ദ്രനെതിരേയാണ് ഏറ്റവുമധികം കേസുകള്‍-143. സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലും സുരേന്ദ്രനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി രണ്ടിനു പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ പോലീസ് അകമ്പടിയോടെ ദര്‍ശനം നടത്തിയത്. പിറ്റേന്നു ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശീകരണം, വധശ്രമം തുടങ്ങി അനേകം വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

കേസുകള്‍ സംബന്ധിച്ച വിവരം സുരേന്ദ്രനില്‍നിന്നു മനഃപൂര്‍വം മറച്ചുവച്ചെന്ന് ആരോപണമുയര്‍ന്നു. നോട്ടീസ് കിട്ടിയ മറ്റു നേതാക്കള്‍ െഹെക്കോടതിയില്‍ കേസ് നടത്താന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തി. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ തന്നെ പ്രതിയാക്കി നൂറ്റമ്പതോളം കേസുകള്‍കൂടി ചുമത്തിയ സംസ്ഥാനസര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ വിറളിപൂണ്ട പിണറായി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്. താന്‍ ജയിലിലായിരുന്ന കാലത്തു നടന്ന സംഭവങ്ങളില്‍പോലും പ്രതിചേര്‍ത്തെന്നു സുരേന്ദ്രന്‍ ആരോപിച്ചു.