നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് പറ്റിയത് വന്‍ മണ്ടത്തരം

single-img
3 April 2019

നൂറുകണക്കിന് പ്രവര്‍ത്തകരെയും കൂട്ടി ആഘോഷമായി നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോയതാണ്. പക്ഷെ ആര്‍ഡിഒ ഓഫീസില്‍ എത്തിയപ്പോഴാണ് മനസിലായത് സമര്‍പ്പിക്കാനുള്ള പത്രിക എടുക്കാന്‍ മറന്നെന്ന്. മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനാണ് കഴിഞ്ഞ ദിവസം അബദ്ധം പിണഞ്ഞത്.

സജി ചെറിയാന്‍ എം.എല്‍.എ, സി.പി.ഐ നേതാക്കളായ പി.പ്രസാദ്, ഇ.രാഘവന്‍, പി.പ്രകാശ് ബാബു, വി.മോഹന്‍ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 11 മണിക്ക് പത്രിക സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കൃത്യസമയത്ത് തന്നെ പത്രിക സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയുടെ ചേംബറില്‍ സ്ഥാനാര്‍ത്ഥിയും നേതാക്കളും കയറി.

പത്രിക വാങ്ങുന്നതിന് വേണ്ടി ആര്‍.ഡി.ഓയും നല്‍കാന്‍ ചിറ്റയം ഗോപകുമാറും തയ്യാറായെങ്കിലും സമര്‍പ്പിക്കേണ്ട പത്രിക മാത്രം ആരുടേയും കയ്യിലുണ്ടായിരുന്നില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാന്‍ മറന്നതാണ് കാരണം. തുടര്‍ന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രികയെടുത്ത് വരാന്‍ പ്രവര്‍ത്തകരെ പറഞ്ഞ് വിട്ടു.

ഇവര്‍ പത്രികയുമായെത്തുന്നത് വരെ നോട്ടീസും വായിച്ചിരിക്കുകയായിരുന്നു സ്ഥാനാര്‍ഥിയും കൂട്ടരും. പിന്നീട് നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് പന്ത്രണ്ടരയ്ക്കാണ് പത്രികാസമര്‍പ്പണം പൂര്‍ത്തിയായത്. അപ്പോഴും ആശങ്കയോടെ ആര്‍ഡിഒ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു പ്രവര്‍ത്തകര്‍.