എഎപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അജയ് മാക്കന്‍; കോൺഗ്രസിനു തിരിച്ചടി

single-img
3 April 2019

ഡല്‍ഹിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ പിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ അജയ് മാക്കന്‍. കോണ്‍ഗ്രസ് ഹൈക്കമാന്റ് ഏഴ് സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിയോജിപ്പ് വ്യക്തമാക്കി അജയ് മാക്കന്‍ രംഗത്തെത്തിയത്.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് താന്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ എഎപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ മാക്കന്‍ വ്യക്തമാക്കിയിരിക്കുന്നു. ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ളവര്‍ എഎപിയുമായി സഖ്യം വേണ്ടെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്.

കോണ്‍ഗ്രസും എഎപിയും തമ്മില്‍ സഖ്യസാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്നാല്‍ ഇരുഭാഗത്തിനും ഇനിയും ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. സ്ഥിരതയില്ലാതെയാണ് കോണ്‍ഗ്രസ് നേതൃത്വം പെരുമാറുന്നതെന്ന് എഎപി നേതൃത്വം ആരോപിച്ചു.

ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ മൂന്നെണ്ണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പകരം ഹരിയാനയില്‍ ഒരു സീറ്റ് എഎപിയ്ക്ക് നല്‍കും.  അഞ്ച് സീറ്റ് തങ്ങള്‍ക്ക് വേണമെന്നായിരുന്നു എഎപിയുടെ പക്ഷം. എന്നാല്‍ പിന്നീട് മൂന്ന്-മൂന്ന് ഫോര്‍മുലയിലേക്ക് എത്തിയിരുന്നു. ഒരു സീറ്റില്‍ പൊതു സ്വതന്ത്രനെ നിര്‍ത്താമെന്നും തീരുമാനമായിരുന്നു.