ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ദേശീയനേതാവായി തുഷാർ വെള്ളാപ്പള്ളി; അമ്പരന്ന് ശ്രീധരൻപിള്ളയും കേരള ബിജെപിയും

single-img
2 April 2019

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ദേശീയനേതാവ് എന്ന് പദവിയിലേക്ക് ഉയർന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ മത്സരിക്കുവാൻ എത്തുമ്പോൾ എതിരിടാൻ ബിജെപി സ്ഥാനാർത്ഥി ഇല്ല എന്നുള്ളത്  സംസ്ഥാന ബിജെപി നേതൃത്വത്തെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. തൃശ്ശൂരിലെ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന തുഷാർ വെള്ളാപ്പള്ളി ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു.

ബിജെപി പോരാട്ടത്തിനിറങ്ങുമെന്നാണ് അവസാന നിമിഷംവരെ സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചത്. ഈ ആവശ്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഒന്നുകിൽ കേരളത്തിനുപുറത്തുനിന്ന് സ്ഥാനാർഥിയെ കൊണ്ടുവരുക, അല്ലെങ്കിൽ സംസ്ഥാനത്തെ നേതാക്കളെ മത്സരിപ്പിക്കുക. ഇതായിരുന്നു ആവശ്യം. കേരളത്തിൽനിന്നായാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരിഗണിച്ചിരുന്ന സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ പരിഗണിക്കുമെന്ന അഭ്യൂഹവും പരന്നിരുന്നു.

എന്നാൽ ഈ ഊഹങ്ങൾ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് തുഷാർ വെള്ളാപ്പള്ളി വയനാട് മത്സരിക്കാൻ എത്തുകയായിരുന്നു. രാഹുൽഗാന്ധിക്കെതിരേ കടുത്തമത്സരത്തിന് പാർട്ടിയുടെ കരുത്തരിലാരെങ്കിലും വേണമെന്ന ആവശ്യം കേന്ദ്രനേതൃത്വം പരിഗണിച്ചതേയില്ല. വയനാട്ട് മത്സരിക്കുന്നതിൽ തുഷാറിന്റെ നീക്കങ്ങൾ വിജയിച്ചത് അമിത്ഷായുമായുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ്. സംസ്ഥാന നേതാക്കൾക്ക് ഇതിലൊരു പങ്കുമുണ്ടായില്ല. ഇതെല്ലാമാണ്  സംസ്ഥാന ബിജെപി നേതാക്കളിൽ അതൃപ്തി രൂക്ഷമാക്കിയത്.വയനാടിന്റെ അന്തിമ തീരുമാനത്തിൽ കേരളഘടകത്തിന് പ്രത്യേകിച്ച് പ്രാതിനിധ്യമൊന്നും ഉണ്ടായില്ല എന്നുള്ളതാണ് സത്യം.

രാഹുൽ ഗാന്ധിയെ പോലുള്ള ഒരു ദേശീയ നേതാവ് മത്സരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ സ്വന്തം പാർട്ടി സ്ഥാനാർത്ഥിയെ നിർത്തുവാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.  ഈ സ്ഥിതിവിശേഷം കോൺഗ്രസ് ഉത്തരേന്ത്യയിൽ ഉപയോഗിക്കുമെന്നാണ് ബിജെപിയുടെ ഭയം.

രാഹുലുമായുള്ള മത്സരത്തിൽ കിട്ടുന്ന ദേശീയ ശ്രദ്ധ പിന്നീട് ഗുണകരമാകുമെന്നായിരുന്നു പാർട്ടിയുടെ നിഗമനം. ഇതുതന്നെയാണ് തുഷാർ മനസ്സിൽ കണ്ടതും. ബിഡിജെഎസിന് നൽകിയ സീറ്റാണ് വയനാടെങ്കിലും നേരത്തേയുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ അവിടുത്തേതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിനില്ലെന്ന തുഷാറിന്റെ മനസ്സുമാറ്റിയത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെയും അമിത്ഷായുടെയും ഇടപെടലുകളാണ്. അദ്ദേഹത്തിന് തൃശ്ശൂർ സീറ്റ് മാറ്റിവെക്കുകയും ചെയ്തു. എന്നാൽ, അമിത്ഷായുമായി ചർച്ചകൾക്ക് ദിവസങ്ങളോളം ഡൽഹിയിൽ തങ്ങിയ തുഷാർ ഉപാധികളോടെയാണ് തൃശ്ശൂരിൽ മത്സരത്തിന് തയ്യാറായതെന്നാണ് സൂചനകൾ.

വയനാട്ടിലെ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വരുമെന്ന് അറിഞ്ഞതോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനം എടുത്തത്. നേരത്തെ തൃശൂരില്‍ ആണ് തുഷാര്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്.ദേശീയ തലത്തില്‍ തുഷാര്‍ ഒരു ദിവസം കൊണ്ട് നേതാവായി ഉയര്‍ന്നു കഴിഞ്ഞു. തുഷാറിന്റെ ട്വീറ്റിന് വന്‍സ്വീകാര്യതയാണ് ഉണ്ടായത്.