ആകെയുള്ളത് അഞ്ചു അന്തർവാഹിനികൾ; ഇതിൽ നാലെണ്ണവും കട്ടപ്പുറത്ത്: ചൈനയുടെ സഹായം തേടി പാകിസ്ഥാൻ

single-img
2 April 2019

പാകിസ്ഥാൻ നാവികസേനയുടെ കൈവശമുള്ള അഞ്ച് അന്തർവാഹിനികളിൽ നാലെണ്ണവും തകരാറിലായതായി  റിപ്പോർട്ടുകൾ. ഒരു അന്തർവാഹിനി ഭാഗികമായും തകരാറിലായി. ഈ സാഹചര്യത്തിൽ ചൈനയുടെ സഹായം തേടിയതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു.

അഞ്ചാമത്തേത് ഭാഗികമായിമാത്രം ഉപയോഗിക്കാവുന്ന നിലയിലാണെന്ന് പേരുവെളിപ്പെടുത്താത്ത ഔദ്യോഗികവൃത്തങ്ങൾ ദേശീയമാധ്യമത്തോട് പറഞ്ഞു. അന്തർവാഹിനികൾ തകരാറിലായതോടെ കടലിനടിയിൽ പാക് സൈന്യത്തിന് നിലവിൽ ബലം കുറവാണ്. പുൽവാമ ആക്രമണത്തിനുശേഷം സമുദ്രത്തിൽ പാക് സൈനികബലം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ സഹായം തേടിയതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

അഗോസ്റ്റ 90 ബി എന്ന ഫ്രഞ്ച് നിർമിത അന്തർവാഹിനികളാണ് പാകിസ്താൻ ഉപയോഗിച്ചുവരുന്നത്.ഫെബ്രുവരി 14-ന് കശ്മീരിൽ 40 ഇന്ത്യൻ സുരക്ഷാഭടന്മാരെ ഭീകരാക്രമണത്തിൽ വധിച്ചശേഷം ഫെബ്രുവരി 26-നാണ് ഇന്ത്യ തിരിച്ച് വ്യോമാക്രമണം നടത്തിയത്. തൊട്ടടുത്തദിവസം ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ പാകിസ്ഥാൻ അന്തർവാഹിനി കാണപ്പെട്ടിരുന്നു.