യു.എ.ഇ.യുടെ പുതിയ നിയമഭേദഗതി പ്രവാസികളെ എങ്ങനെ ബാധിക്കും

single-img
1 April 2019

യുഎഇയില്‍ വിദേശികളുടെ കുടുംബത്തെ കൊണ്ടുവരാനുള്ള സ്‌പോണ്‍സര്‍ഷിപ് നിയമം ഉദാരമാക്കി. ജോലിക്കു (പ്രഫഷന്‍) പകരം വരുമാനം നോക്കിയായിരിക്കും ഇനി കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അനുമതി നല്‍കുക. പരിഷ്‌കരിച്ച വ്യവസ്ഥകള്‍ക്ക് യുഎഇ മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി. എന്നാല്‍ വരുമാന പരിധി സംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ വിദേശികളുടെ ജീവിതം കൂടുതല്‍ സുരക്ഷിതവും ആരോഗ്യകരവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഭേദഗതിയെന്ന് മന്ത്രിസഭായോഗം വിശദീകരിക്കുന്നുണ്ട്. കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള മാനദണ്ഡം പ്രവാസിയുടെ വരുമാനമാവും എന്ന വ്യവസ്ഥ വരുന്നതോടെ നിലവിലെ അവസ്ഥകള്‍ക്ക് മാറ്റംവരുമോ എന്ന ആശങ്ക വെച്ചുപുലര്‍ത്തുന്നവരും ധാരാളം. എന്നാല്‍, കൂടുതല്‍പേര്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുന്നതാവും പുതിയ ഭേദഗതി എന്നാണ് പൊതു നിഗമനം.

ഇപ്പോള്‍ തൊഴിലിനെ അടിസ്ഥാനമാക്കിയാണ് തൊഴിലാളികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവസരം നല്‍കിയിരുന്നത്. അതേസമയം, ചില വിഭാഗക്കാരുടെ തൊഴിലുകള്‍ ഇതിനായുള്ള വ്യവസ്ഥകളില്‍ ഉള്‍പ്പെടാത്തതിനാല്‍ അവര്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ കഴിയാറുമില്ല. പല വിദഗ്ധതൊഴിലാളികള്‍ക്കും വരുമാനമുണ്ടെങ്കിലും തൊഴിലിലെ പദവി കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മതിയാവുമായിരുന്നില്ല.

നിലവില്‍ നാലായിരം ദിര്‍ഹം ലഭിക്കുന്ന ജോലിയും തസ്തികയുമാണ് പുരുഷന് കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചുരുങ്ങിയ യോഗ്യത. അല്ലെങ്കില്‍ മൂവായിരം ദിര്‍ഹവും താമസസ്ഥലവും എന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, ഈ തസ്തികകളോളം എത്തില്ലെങ്കിലും അതിലേറെ വരുമാനം ലഭിക്കുന്നവര്‍ക്ക് നിലവിലെ വ്യവസ്ഥയില്‍ കുടുംബത്തെ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിന് പരിഹാരം കാണാന്‍ പുതിയ ഭേദഗതി സഹായിക്കുമെന്നാണ് ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരുമാനം മാത്രം മാനദണ്ഡമാക്കുന്നതോടെ കൂടുതല്‍പേര്‍ക്ക് കുടുംബത്തെ യു.എ.ഇ.യിലേക്ക് കൊണ്ടുവരാനുള്ള അവസരമാണ് തുറന്നുകിട്ടുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു.

ഇത് ഏറെയും വിദഗ്ധ തൊഴിലാളികള്‍ക്കായിരിക്കും ഉപകാരപ്പെടുന്നത്. അവരുടെ തൊഴിലിലെ പരിചയമനുസരിച്ച് അവര്‍ക്ക് വരുമാനം കൂടാറുണ്ടെങ്കിലും തസ്തികകള്‍ പലപ്പോഴും മാറാറില്ല. ഈ അവസ്ഥയ്ക്ക് പുതിയ ഭേദഗതി മാറ്റമുണ്ടാക്കും. വിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ വരുമാനപരിധി ഏറെയൊന്നും ഉയരാന്‍ ഇടയില്ലെന്നും തസ്തികയ്ക്കുപകരം ഇത് ഫലത്തില്‍ കൂടുതല്‍പേര്‍ക്ക് കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരം നല്‍കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

അതേസമയം, പുതിയ തീരുമാനത്തിലൂടെ തൊഴിലാളികളുടെ കുടുംബ, സാമൂഹിക ഭദ്രത ഉറപ്പുവരുത്താമെന്നതിന് പുറമേ വിദഗ്ധ തൊളിലാഴികളുടെ പ്രഫഷനല്‍ സ്വകാര്യ ജീവിതം ചിട്ടപ്പെടുത്താനും സാധിക്കുമെന്നും യുഎഇ വിലയിരുത്തുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലകളില്‍ വിദേശികള്‍ക്കു നല്‍കിവരുന്ന സേവനങ്ങള്‍ പഠനവിധേയമാക്കാനും ആവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ ജോലിക്കാരെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് പകരം നിലവിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി ലഭ്യമാക്കി സാമ്പത്തികകുടുംബ ഭദ്രത ഉറപ്പാക്കാന്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്. വിദേശ ജോലിക്കാരുടെ കുടുംബ ഭദ്രത ശക്തിപ്പെടുത്താനുള്ള നിയമഭേദഗതി മന്ത്രിസഭ കൊണ്ടുവരുമെന്ന് മനുഷ്യവിഭവ, സ്വദേശിവല്‍കരണ മന്ത്രി നാസിര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു.

തൊഴില്‍ വിപണിയില്‍ അനുകൂല ചലനമുണ്ടാക്കാനും ഉല്‍പാദനം വര്‍ധിക്കാനും ഇതിടയാക്കും. ഇത് ദേശിയ സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. കുടുംബത്തിന്റെ സാന്നിധ്യം തൊഴിലാളികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുമെന്നാണ് വിലയിരുത്തല്‍.

ജോലി ചെയ്യാനും ജീവിക്കാനും പറ്റിയ അനുയോജ്യമായ സ്ഥലമായി യുഎഇ മാറിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റ്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് ചെയര്‍മാന്‍ അലി മുഹമ്മദ് ബിന്‍ ഹമ്മാദ് അല്‍ ഷംസി പറഞ്ഞു. യുഎഇയിലെത്തുന്നവര്‍ക്ക് സ്വന്തം സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് കുടുംബത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം അവരുടെ ആഗ്രഹ സഫലീകരണത്തിനുള്ള വഴിയൊരുക്കുകയാണ് ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമത്തിലൂടെ വിദേശ ജോലിക്കാരുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, സുരക്ഷിത, ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.