പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്നതിന് ഇനിമുതല്‍ വരുമാനം നോക്കണം

single-img
1 April 2019

പ്രവാസികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവരുടെ വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ള നിയമ ഭേദഗതിക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുവരെ തൊഴില്‍ ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് കുടുംബ വിസ അനുവദിച്ചിരുന്നത്.

രാജ്യാന്തര നിലവാരത്തിന് അനുസരിച്ച മാറ്റമാണിതെന്ന് മന്ത്രിസഭ ജനറല്‍ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. എന്നാല്‍ വരുമാന പരിധിയില്‍ മാറ്റമുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമല്ല. നിലവില്‍ നാലായിരം ദിര്‍ഹം ശമ്പളമോ അല്ലെങ്കില്‍ മൂവായിരം ദിര്‍ഹം ശമ്പളവും താമസവുമുള്ളവര്‍ക്കാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുക.

യു.എ.ഇ.യില്‍ താമസിക്കുന്ന വിദേശികളുടെ കുടുംബസുരക്ഷ ഉറപ്പുവരുത്താന്‍ ഉതകുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വിശദീകരിച്ചു. വിദേശികള്‍ക്ക് നല്ല തൊഴില്‍ അന്തരീക്ഷവും മികച്ച വ്യക്തിജീവിതവും ഉറപ്പിക്കാന്‍ ഭേദഗതി ഉപകരിക്കും.

വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് യു.എ.ഇ.യില്‍ ജോലി കണ്ടെത്താന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. ഇവര്‍ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയാല്‍ കൂടുതല്‍ പേരെ വിദേശത്തുനിന്ന് കണ്ടെത്തേണ്ടിവരില്ല എന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

അതേസമയം കൂടുതല്‍ മികവുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് ആരോഗ്യകരമായ കുടുംബജീവിതം ഉറപ്പാക്കാനും പുതിയ വ്യവസ്ഥ വഴിയൊരുക്കുമെന്നും പ്രസ്താവന പറയുന്നു. വനിതകള്‍ക്ക് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പതിനായിരം ദിര്‍ഹവും ശമ്പളം വേണം. എന്നാല്‍, അവരുടെ തസ്‌തികയും കുടുംബവിസ നല്‍കുമ്പോള്‍ പരിഗണിച്ചിരുന്നു.

ഞായറാഴ്ച ചേര്‍ന്ന യു.എ.ഇ. മന്ത്രിസഭായോഗമാണ് വിദേശികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഭേദഗതി ചെയ്തുള്ള നിയമത്തിന് അംഗീകാരം നല്‍കിയത്.