തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിയെ നേരിടുമെന്ന് അമിത് ഷാ; ‘തുഷാര്‍ ഊര്‍ജ്ജസ്വലനായ യുവ നേതാവ് ‘
വയനാട്ടില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനായ തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
തുഷാര്‍ വെള്ളാപ്പള്ളി ഊര്‍ജ്ജസ്വലനായ യുവ നേതാവാണെന്നും വികസനവും സാമൂഹ്യ നീതിയും മുന്‍നിര്‍ത്തിയുള്ള എന്‍ഡിഎയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിനിധാനം ചെയ്യുന്ന നേതാവാണ് അദ്ദേഹമെന്നും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റില്‍ അമിത് ഷാ പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ അമിത് ഷാ അന്തിമ തീരുമാനമെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തുഷാറിനെക്കൂട്ടി പ്രഖ്യാപിച്ചതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.പി.സുനീര്‍ വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചത്.