യൂബറെന്ന് കരുതി കാറില്‍ കയറിയ യുവതി ക്രൂരമായ പീഡനത്തിനിരയായി; മൃതദേഹം വയലില്‍

single-img
1 April 2019

സൗത്ത് കരോലീന: യൂബര്‍ ടാക്‌സിയെന്നു തെറ്റിദ്ധരിച്ചു കൊലയാളിയുടെ കാറില്‍ കയറിയ കോളേജ് വിദ്യാര്‍ഥിനി അതിദാരുണമായി കൊല്ലപ്പെട്ടു. 21കാരിയായ സാമന്ത ജോസഫ്‌സണാണ് യുഎസിലെ സൗത്ത് കരോലീനയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ നതാനിയേല്‍ റൗലന്‍ഡിയെന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. കൊളംബിയയിലെ ഫൈവ് പോയിന്റസ് ബാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചതിനു ശേഷം പുലര്‍ച്ചെ രണ്ടുമണിയോടെയാണു സാമന്ത യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. കൊലയാളിയുടെ കറുത്ത കാര്‍ കണ്ട സാമന്ത യൂബറെന്ന് കരുതി കൈ കാണിച്ചു.

കാര്‍ സാമന്തയുടെ മുന്‍പില്‍ പെട്ടെന്നു നിര്‍ത്തുകയും സാമന്ത കാറിന്റെ ഡോര്‍ തുറന്നു ബാക്ക് സീറ്റില്‍ കയറിയിരിക്കുകയും ചെയ്തു. പ്രതി കാറിന്റെ ചൈല്‍ഡ് ലോക്ക് ഇട്ടിരുന്നതിനാല്‍ വാതില്‍ തുറന്ന് സാമന്തയ്ക്ക് രക്ഷപെടാനും കഴിഞ്ഞില്ല. സാമന്തയെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മൃതദേഹം വയലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

സാമന്തയുടെ ശരീരത്തില്‍ പല ഭാഗത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് കൊലയാളിയെ കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്ന നതാനിയേലിന്റെ പെണ്‍സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ കയ്യില്‍ നിന്നു കഞ്ചാവ് കണ്ടെത്തിയതായി കൊളംബിയ പൊലീസ് വക്താവ് ജെന്നിഫര്‍ തോംസണ്‍ പറഞ്ഞു.

സാമന്തയുടെ പിതാവിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പും കണ്ണീര്‍ നനവായി. എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. അതിയായ ഹൃദയവേദനയോടു കൂടിയാണ് ഞാന്‍ ഇതു കുറിക്കുന്നത്. എന്റെ അവസാനശ്വാസം വരെ അവളെ ഞാന്‍ സ്‌നേഹിക്കും. സാമന്തയുടെ കൊലപാതകത്തില്‍ യുഎസില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. തെരുവുകളില്‍ പ്രതിഷേധങ്ങളും സമന്തയ്ക്കു വേണ്ടിയുളള പ്രാര്‍ത്ഥനകളും നടന്നു.