രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പ്രത്യേക സുരക്ഷ തയാറാക്കാനൊരുങ്ങി പൊലീസ്

single-img
1 April 2019

വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. അതിനിടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായതോടെ പ്രത്യേക സുരക്ഷ തയാറാക്കാനൊരുങ്ങുകയാണ് പൊലീസ്. പ്രദേശത്ത് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതുകൂടി കണക്കിലെടുത്താണ് നീക്കം.

രാഹുല്‍ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് പത്രിക സമര്‍പ്പണം നീക്കിവെക്കുന്നത്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. മുന്‍ കൂട്ടി അറിയിച്ചുള്ള പരിപാടികളായതിനാല്‍ അതിനനസരിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കാന്‍ പൊലീസ് സജ്ജമാണെന്ന് ഉത്തര മേഖല എഡിജിപി ഷെയ്ക്ക് ധര്‍വേസ് സാഹിബ് പറഞ്ഞു.

രാഹുലിന്റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങള്‍, വോട്ടഭ്യര്‍ത്ഥിക്കാനെത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. രാഹുലിന് എസ്പിജി സുരക്ഷ നല്‍കുന്നുണ്ട്. അതിന് പുറമെയാണ് പൊലീസിന്റെ സുരക്ഷാ ക്രമീകരണം.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെയാണ് പുറത്തിറക്കുന്നത്. അതിനാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഡല്‍ഹിയില്‍ തുടരേണ്ടിവരും. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന്റെ കേരളത്തില്‍ എത്താന്‍ സാധിക്കൂ.