ഖത്തറില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഇതുവരെ പുറപ്പെട്ടില്ല

single-img
1 April 2019

ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്നലെ പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. സാങ്കേതിക തകരാറുകളാണ് കാരണമെന്നും ഇന്ന് രാത്രി എട്ട് മണിയോടെ വിമാനം പുറപ്പെടുമെന്നുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം.

ഇന്നലെ ഉച്ചയ്ക്ക് 2.40ന് ദോഹയില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തില്‍ യാത്രക്കാരെല്ലാം കയറിയ ശേഷം 3.15ഓടെയാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി. ഏറെ നേരം കഴിഞ്ഞും വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ പകരം സംവിധാനങ്ങളെക്കുറിച്ചോ ഒരു വിവരവും നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

ഒടുവില്‍ ബഹളം വെച്ചതോടെയാണ് അധികൃതര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. വിസ കാലാവധാ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരും യാത്രക്കാരിലുണ്ടായിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ റെസിഡന്റ് പെര്‍മിറ്റ് ഉള്ളവരെ ദോഹയിലെ മെര്‍ക്കുറി ഹോട്ടലില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ എത്തിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി വിസാകാലാവധി തീര്‍ന്നവരെയും മറ്റും ഹോട്ടലില്‍ എത്തിക്കുമ്പോള്‍ രാത്രി ഒമ്പതുമണിയായി. ഇവര്‍ ഏറെ ബുദ്ധിമുട്ടിയെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍, യാത്രക്കാര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും വിമാനം ഇന്ന് രാത്രി എട്ട് മണിക്ക് പുറപ്പെടുമെന്നും അധികൃതര്‍ പ്രതികരിച്ചു.