രാഹുല്‍ ഗാന്ധിയെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക്

single-img
31 March 2019

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. അമിത്ഷായുമായി തുഷാര്‍ ഫോണില്‍ സംസാരിച്ചതനുസരിച്ചാണ് തീരുമാനം എന്നാണ് വിവരം. രണ്ടുമണിക്ക് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളെ കാണുന്നുണ്ട്.

തുഷാര്‍ ആണെങ്കില്‍ മാത്രം വയനാട്ടില്‍ ബിഡിജെഎസ് സീറ്റ് നല്‍കാമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഈ നീക്കം. എന്നാല്‍ താന്‍ തൃശൂരില്‍ നിന്നായിരിക്കും മത്സരിക്കുന്നതെന്ന് നേരത്തെ തുഷാര്‍ വ്യക്തമാക്കിയിരുന്നു. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ മാറ്റിയേക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വെളിപ്പെടുത്തിയിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നാല്‍ ശക്തമായ എതിരാളികളെ ഇറക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.

അതിനിടെ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള രംഗത്തെത്തി. രാഹുല്‍ വയനാട്ടിലെത്തുന്നത് ഗതികേട് കൊണ്ടാണ്. രാഹുലിനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ലീഗിന്റെ കാലു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ പേടിച്ചാണ് രാഹുല്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. രാഹുലിനെ എന്‍ഡിഎ ശക്തമായി നേരിടും. സ്ഥാനാര്‍ഥിയെ മാറ്റുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.