കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്കെന്ന് പി.എസ്.ശ്രീധരന്‍പിള്ള

single-img
31 March 2019

കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കുന്നത്തൂര്‍ വിശാലാക്ഷിയും സിപിഐയുടെ കിസാന്‍സഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ രാജീവ് രാജധാനിയും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനിയും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നിലംപരിശാകുന്നുവെന്നതിന്റെ സൂചനയെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങള്‍ക്കായി നടത്തുന്ന നിശ്ശബ്ദ വിപ്ലവത്തില്‍ ആകൃഷ്ടയായി ആണ് കുന്നത്തൂര്‍ വിശാലാക്ഷി ബിജെപി അംഗത്വം സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന തെറ്റായ നിലപാടില്‍ മനം നൊന്താണ് സിപിഐയുടെ കൊല്ലത്തെ പ്രമുഖ നേതാവായ രാജീവ് രാജധാധി ബിജെപിയിലേക്ക് എത്തുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വിശാലാക്ഷി കെപിസിസി സെക്രട്ടറിയായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നിലവില്‍ കെപിസിസി നിര്‍വാഹക സമിതിയംഗം ആണെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. അഡ്വ.രാജീവ് രാജധാനി കിസാന്‍ സഭയുടെ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ഡയറക്ടറും ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

രണ്ട് മുന്നണിയില്‍ നിന്നും രണ്ട് പ്രമുഖരായ നേതാക്കള്‍ ബിജെപിയിലേക്ക് എത്തിയത് ബിജെപിക്ക് അനുകൂലമായി മാറുന്ന വര്‍ത്തമാനകാല കേരളരാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന പ്രവണതയായി ആണ് താന്‍ കാണുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.