ഞാനായിരുന്നെങ്കില്‍ രാജി വയ്ക്കുമായിരുന്നുവെന്ന് ശ്രീധരന്‍പിള്ള

single-img
31 March 2019

കെപിസിസി പ്രസിഡിന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖത്തേറ്റ അടിയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനത്തോടുള്ള വിശ്വാസമില്ലായ്മയാണ് അത് കാണിക്കുന്നതെന്നും താനായിരുന്നെങ്കില്‍ രാജി വയ്ക്കുമായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി കൊടുത്ത പട്ടിക മാറ്റിമറിക്കപ്പെട്ടുവെന്നും പിന്നെന്ത് കണ്ടാണ് ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും പിന്നെ മാറ്റുകയും ചെയ്തതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസ് ദുര്‍ബലമായതിന്റെ അടയാളമാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ വയനാട്ടിലെത്തുന്നത് ഗതികേട് കൊണ്ടാണ്. രാഹുലിനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ലീഗിന്റെ കാലു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ പേടിച്ചാണ് രാഹുല്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. രാഹുലിനെ എന്‍ഡിഎ ശക്തമായി നേരിടും. സ്ഥാനാര്‍ഥിയെ മാറ്റുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.