ചിലരുടെ വിശ്വാസം സര്‍ക്കാര്‍ അവരുടെ അച്ഛന്‍റെ സ്വത്താണെന്നാണ്: മോദി

single-img
31 March 2019

കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പാര്‍ട്ടികള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് മോദി പറഞ്ഞു. ത്രിപുരയില്‍ സംഭവിച്ച പോലെ ഒഡീഷയിലും ഇത്തവണ അത്ഭുതങ്ങള്‍ സംഭവിക്കും. ജനങ്ങള്‍ തനിക്ക് ഒരു രണ്ടാം അവസരം നല്‍കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

അഴിമതിയില്‍ നിന്ന് രാജ്യത്തിന്‍റെ സമ്പത്തിനെ സംരക്ഷിക്കുമെന്നും മോദി അവകാശപ്പെട്ടു. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ അവരുടെ അച്ഛന്‍റെ സ്വത്താണെന്നാണ് ചിലര്‍ കരുതുന്നതെന്നും മോദി ആരോപിച്ചു.

അതേസമയം രാജ്യത്തിന് ആവശ്യം രാജാക്കന്മാരെയല്ലെന്നും കാവൽക്കാരെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവൽക്കാരാണെന്നും എന്നാൽ തൊപ്പിയും യൂണിഫോമും അണിഞ്ഞവർ മാത്രമാണ് കാവൽക്കാരെന്നാണ് ചിലർ വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു. ന്യൂഡൽഹിയിൽ ഞാനും കാവൽക്കാരൻ പ്രചാരണപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014-ലെ തിരഞ്ഞെടുപ്പിൽ ഒരു മുഖ്യമന്ത്രി എന്നനിലയിൽ മാത്രമാണ് ഞാൻ അറിയപ്പെട്ടിരുന്നത്. പലർക്കും ഞാൻ പുതുമുഖമായിരുന്നു. എന്നെ വിമർശിക്കുന്നവരിലൂടെയായിരുന്നു ഞാൻ അറിയപ്പെട്ടിരുന്നത്. അത്തരം വിമർശകരോട് ഞാൻ നന്ദി പറയുന്നു. കാരണം ആ വിമർശനങ്ങളിലൂടെയാണ് ജനങ്ങൾ എന്നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കിയത്. അന്ന് ബി.ജെ.പി. എന്നെ വലിയ ഉത്തരവാദിത്വം ഏൽപ്പിച്ചു. ഞാൻ രാജ്യത്തിന്റെ കാവൽക്കാരനായി- മോദി പറഞ്ഞു