‘എന്റെ അടുത്ത് അവസരത്തിനായി കെഞ്ചിയത് മറന്നോ’? കങ്കണയോട് നിഹലാനി

single-img
31 March 2019

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിര്‍മാതാവും സെൻസർ ബോർഡ് അധ്യക്ഷനുമായ പഹലജ് നിഹലാനി. ബുദ്ധിമുട്ടിലായിരുന്നപ്പോൾ താനെത്ര മാത്രം സഹായിച്ചിട്ടുണ്ടെന്ന് കങ്കണ മറന്നു. വിവാദ ഫോട്ടോഷൂട്ടിന്റെ സമയത്ത് താൻ ലൊക്കേഷനിൽ ഇല്ലായിരുന്നുവെന്നും നിഹലാനി പറഞ്ഞു. അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു കങ്കണ നിഹലാനിക്കെതിരെ ഉന്നയിച്ച ആരോപണം. ഇത് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു.

ഐ ലവ് യൂ ബോസ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ആ സമയം ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. കങ്കണയുടെ അപ്പോഴത്തെ സെക്രട്ടറി രാകേഷ് നാഥിനൊപ്പമാണ് അവർ ഫോട്ടോഷൂട്ടിനെത്തിയത്. അതുകൊണ്ട് ഫോട്ടോഷൂട്ടിന് കങ്കണ ധരിച്ച വസ്ത്രമോ ധരിക്കാത്ത വസ്ത്രമോ ഒന്നും നിശ്ചയിച്ചത് ഞാനല്ല.

ചിത്രത്തിലെ കഥാപാത്രത്തെ സോഫ്റ്റ് പോൺ കഥാപാത്രം എന്നാണ് കങ്കണ ഇപ്പോൾ പറയുന്നത്. പക്ഷേ അന്ന് ആ കഥാപാത്രം ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിച്ചത് കങ്കണ ഓർക്കുന്നുണ്ടോ? ആ കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യണമെന്ന് എന്നോട് അപേക്ഷിച്ചത് ഓർക്കുന്നുണ്ടോ? അക്കാലത്ത് ആദിത്യ പാഞ്ചോലിക്കൊപ്പം ഓരോ നിർമാതാവിനടുത്തും ഒരവസരത്തിനായി അപേക്ഷിച്ച് ഓടിനടന്നിട്ടുണ്ട് കങ്കണ. പക്ഷേ ആരും അവർക്ക് അവസരം നൽകിയില്ല. പലരും അരുതെന്ന് വിലക്കിയിട്ടും ഞാൻ മാത്രമാണ് അതിന് തയ്യാറായത്.

കഴിഞ്ഞ പത്ത് വർഷമായി കങ്കണ ഗുരുസ്ഥാനത്ത് അനുരാഗ് ബസുവിന്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്. അനുരാഗ് ബസുവിനും മുൻപ് ഐ ലവ് യു ബോസിൽ അവസരം നൽകിയത് ഞാനാണെന്ന് കങ്കണ പൂർണമായി മറന്നെന്ന് തോന്നുന്നു.

ഒരു ചെറുപ്പക്കാരിക്ക് മേലുദ്യോഗസ്ഥനോട് തോന്നുന്ന പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഉദ്യോഗസ്ഥന്റെ വേഷം ചെയ്യാൻ അമിതാഭ് ബച്ചനെയാണ് ആദ്യം സമീപിക്കുന്നത്. എന്നാൽ, അദ്ദേഹം അത് നിരസിച്ചു. പിന്നീട് റിഷി കപൂറിനെ സമീപിച്ചു. കഥ ഇഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന് ആ സിനിമ ചെയ്യാനായില്ല. പിന്നീട് എന്റെ സുഹൃത്ത് ശത്രുഘ്നൻ സിൻഹ കഥാപാത്രം ഏറ്റെടുക്കാൻ തയ്യാറായി.

എന്നാൽ ശത്രുജിക്ക് ഒപ്പം അഭിനയിക്കില്ലെന്ന് കങ്കണ പറഞ്ഞു. സറീന വഹാബ് ആണ് അങ്ങനെ നിർദേശിച്ചതെന്നാണ് കങ്കണ എന്നോട് പറഞ്ഞത്. ആദിത്യ പാഞ്ചോലിയുടെ പേരല്ല, അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് കങ്കണ പറഞ്ഞത്. ഞാൻ അസ്വസ്ഥനായി. ശത്രുഘ്നൻ സിൻഹയെപ്പോലൊരു ഇതിഹാസത്തിനൊപ്പം സിനിമ ചെയ്യില്ലെന്ന് പറയാൻ തക്ക ആളായോ കങ്കണ. അങ്ങനെയാ പ്രൊജക്ട് അവിടെ അവസാനിച്ചു.

മൂന്ന് ചിത്രങ്ങൾ എനിക്കൊപ്പം ചെയ്യാമെന്ന കരാറിൽ കങ്കണ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ അനുരാഗ് ബസുവിനൊപ്പം ഒരു ചിത്രം ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ അവരെ കോൺട്രാക്ടിൽ നിന്നും ഒഴിവാക്കി കൊടുത്തു. അവർ അതിനെക്കുറിച്ച് എപ്പോഴെങ്കിലും സംസാരിച്ചു കേട്ടിട്ടുണ്ടോ? പാസ്സ്പോർട്ടിൽ മുംബൈയിലെ തെറ്റായ അഡ്രസ്സ് നൽകി വലിയ കുഴപ്പത്തിലായതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടോ? പാസ്സ്പോർട്ടിൽ തെറ്റായ മേൽവിലാസം നൽകുന്നത് വലിയ ക്രിമിനൽ കുറ്റമാണ്. അന്ന് അവക്ക് ജാമ്യം എടുക്കാനും ആ പ്രശ്നത്തിൽ നിന്നും ഒഴിവാക്കാനും ഓടി നടന്നത് ഞാനാണ്. അതിനു ഇങ്ങനെയാണ് അവർ പ്രത്യുപകാരം ചെയ്യുന്നത്. അവരെ ചൂഷണം ചെയ്തു എന്നാരോപിച്ചു കൊണ്ട്?

കങ്കണയെ പോലുള്ള അഭിനേതാക്കൾ ഇവിടെ കഷ്ടപ്പെട്ട് ഉയർന്നു വരൻ ശ്രമിക്കുന്ന അഭിനേതാക്കൾക്ക് ചീത്തപ്പേരുണ്ടാകും . വിജയങ്ങൾ ഉണ്ടാകുമ്പോൾ കഷ്ടപ്പാടുകൾ മറന്നു പോകും അതുപോലെ തന്നെ കഷ്ടപ്പാടിൽ സഹായിച്ചവരെയും:. നിഹലാനി പറയുന്നു.