ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല

single-img
31 March 2019

മുന്‍ ഡിജിപി ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍ നാലിന് മുമ്പ് സ്വയം വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായത്. ഇതോടെ കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മുന്നണിയും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ചാലക്കുടിയില്‍ മല്‍സരിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. വിരമിക്കല്‍ നടപടി പൂര്‍ത്തിയാക്കി, മല്‍സരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. മല്‍സരത്തില്‍ നിന്ന് ട്വന്റി ട്വന്റി പിന്‍മാറുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ചാലക്കുടിയില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്.

അഴിമതിക്ക് എതിരെ പോരാടുന്നതിനാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു ജേക്കബ് തോമസ് വ്യക്തമാക്കിയത്. ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കി നില്‍ക്കെ സര്‍വീസില്‍ നിന്നും സ്വയം വിരമിക്കല്‍ എടുത്ത് മത്സരിക്കാനായിരുന്നു ജേക്കബ് തോമസ് തീരുമാനിച്ചത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.