തെരഞ്ഞെടുപ്പ് കമ്മീഷന് പുല്ലുവില; തെരഞ്ഞെടുപ്പ് നിരീക്ഷകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബ; ദൃശ്യങ്ങള്‍ പുറത്ത്

single-img
31 March 2019

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും കാറ്റില്‍പറത്തി കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയാണ് ബിഹാറില്‍ രാത്രി വൈകിയും കാറില്‍ പ്രചാരണം നടത്തിയത്. ഇതു ചോദ്യം ചെയ്ത തെരഞ്ഞെടുപ്പ് നിരീക്ഷകനെ മന്ത്രി ശകാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

മന്ത്രിക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എന്നെ തടയാന്‍ ആരാണ് നിങ്ങള്‍ക്ക് ഉത്തരവിട്ടത്, എന്റെ വണ്ടി പിടിച്ചെടുക്കാന്‍ നിങ്ങള്‍ക്കാകില്ല. ധൈര്യമുണ്ടെങ്കില്‍ എന്നെ പിടിച്ചു ജയിലിലിടൂവെന്നും മന്ത്രി തെരഞ്ഞെടുപ്പ് നിരീക്ഷകനോട് പറഞ്ഞു.

അതേസമയം, വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് ചൗബക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കെ കെ ഉപാധ്യ പറഞ്ഞു. അതിനിടെ, തെരെഞ്ഞെടുപ്പ് നിരീക്ഷകരോട് അപമര്യാദയായി പെരുമാറിയില്ലെന്ന വാദവുമായി അശ്വിനി കുമാര്‍ രംഗത്തെത്തി. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാദം പൊളിച്ച് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.