കുന്നത്തൂര്‍ വിശാലാക്ഷിയും രാജീവ് രാജധാനിയും ബിജെപി അംഗത്വം സ്വീകരിച്ചെന്ന് ശ്രീധരന്‍ പിള്ള

single-img
31 March 2019

കോണ്‍ഗ്രസ് നേതാവ് കുന്നത്തൂര്‍ വിശാലാക്ഷിയും സിപിഐ നേതാവ് രാജീവ് രാജധാനിയും ബിജെപി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് കുന്നത്തൂര്‍ വിശാലാക്ഷിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

നരേന്ദ്രമോദി ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങള്‍ക്കായി നടത്തുന്ന നിശ്ശബ്ദ വിപ്ലവത്തില്‍ ആകൃഷ്ടയായി ആണ് കുന്നത്തൂര്‍ വിശാലാക്ഷി ബിജെപി അംഗത്വം സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന തെറ്റായ നിലപാടില്‍ മനം നൊന്താണ് സിപിഐയുടെ കൊല്ലത്തെ പ്രമുഖ നേതാവായ രാജീവ് രാജധാധി ബിജെപിയിലേക്ക് എത്തുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് എത്തിപ്പെട്ട ഗതികേടിന്റെ തെളിവാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന് ജയിക്കാന്‍ മുസ്ലീം ലീഗിന്റെ കാലുപിടിക്കണ്ടിവന്നു. വയനാട്ടില്‍ എന്‍ഡിഎ ശക്തമായ മത്സരം കാഴ്ചവയ്ക്കും.

മുസ്ലീം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന് മത്സരിക്കേണ്ടിവരുന്ന സാഹചര്യം വരുന്നുവെങ്കില്‍ എഐസിസി നേതൃത്വം ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വയനാട്ടില്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എന്‍ഡിഎയിലെ എല്ലാ കക്ഷികകള്‍ക്കും ഒരേ അഭിപ്രായമാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ പോലും കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട്ടിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. മുസ്ലീം ലീഗിനെ ആശ്രയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കേണ്ടി വരുന്നത് കോണ്‍ഗ്രസിന്റെ അപചയമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപിക്ക് സംഘടനാപരമായി ശക്തമായ അടിത്തറയുള്ള സ്ഥലമാണ് വയനാടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അവിടെ രാഹുല്‍ ഗാന്ധിയെ എന്‍ഡിഎ ശക്തമായി നേരിടും. മുസ്ലീം ലീഗിന്റെ സ്വാധീനത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഉയര്‍ത്തിക്കാണിച്ച് ശക്തമായ മത്സരം കാഴ്ചവയ്ക്കും. വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.