ഏഴു വയസുകാരന് ക്രൂരമര്‍ദനം: കുട്ടിയുടെ മാതാവിനെതിരേയും കേസെടുക്കും • ഇ വാർത്ത | evartha
Breaking News

ഏഴു വയസുകാരന് ക്രൂരമര്‍ദനം: കുട്ടിയുടെ മാതാവിനെതിരേയും കേസെടുക്കും

ഇടുക്കി: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുത്തേക്കും. മര്‍ദ്ദന വിവരം യഥാസമയം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ഇളയകുട്ടിയുടെ സംരക്ഷണം തുടര്‍ന്നും അമ്മയെ ഏല്‍പ്പിക്കുന്നതില്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.

ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായാണ് ഇളയസഹോദരന്‍ നല്‍കിയിരിക്കുന്ന മൊഴി. മൂന്നര വയസ്സുള്ള ഇളയകുട്ടിയുടെ ദേഹത്തും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകളുണ്ട്. കുട്ടികള്‍ ഇത്രയേറെ മര്‍ദ്ദനമേറ്റിട്ടും പൊലീസിനെയോ ചൈല്‍ഡ് ലൈനേയോ അറിയിക്കാതിരുന്നതിനാലാണ് അമ്മയ്ക്ക് എതിരെ കേസെടുക്കാനുള്ള സാധ്യത തെളിയുന്നത്. ആറ് വര്‍ഷം മുമ്പ് കുമളിയില്‍ അഞ്ച് വയസുകാരനെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ചപ്പോള്‍ ഇതറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരുന്ന പിതാവിനെതിരെ കേസെടുത്തിരുന്നു.

അതേസമയം, പ്രതി അരുണ്‍ ആനന്ദിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ്. കൊലക്കേസ് ഉള്‍പ്പെടെ ഏഴു കേസുകളില്‍ പ്രതിയായ ഇയാള്‍ തലസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല കുപ്രസിദ്ധ ഗൂണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. നഗരത്തിലെ വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ ഗൂണ്ടാ സംഘങ്ങള്‍ക്കിടയില്‍ ‘കോബ്ര’യെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇയാള്‍ മറ്റു ജില്ലകളില്‍ കേസുകളില്‍ പ്രതിയാണോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.

അരുണിന്റെ മാതാപിതാക്കള്‍ ബാങ്ക് ജീവനക്കാരായിരുന്നു. ഇയാളുടെ സഹോദരന്‍ സൈനികനും. സര്‍വീസില്‍ ഇരിക്കവേ അച്ഛന്‍ മരണപ്പെട്ടു. തുടര്‍ന്ന് ആശ്രിതനിയമനത്തില്‍ ഒരു വര്‍ഷം ജോലി ചെയ്തു. ഇത് ഉപേക്ഷിച്ചു തിരികെ നാട്ടില്‍ എത്തി. ഇവിടെയുള്ള കുപ്രസിദ്ധ ഗൂണ്ടയുമായി ചേര്‍ന്നു മണല്‍ കടത്ത് ആരംഭിച്ചു.

സുഖലോലുപതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇയാള്‍ തിരുവനന്തപുരത്തെ ഗൂണ്ടാസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതായി പൊലീസ് പറയുന്നു. ഇതിനു പിന്നാലെ പണത്തിനായി ലഹരി കടത്തിലും ഇയാള്‍ പങ്കാളിയായി. നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.

മദ്യത്തിന്റെയും ലഹരിയുടെയും ബലത്തില്‍ എന്തും കാണിക്കുന്ന ആളായിരുന്നു അരുണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറുന്ന, വാഹനങ്ങളില്‍ മദ്യവും കഞ്ചാവുമായി നടക്കുന്ന ആളായിരുന്നു അരുണ്‍. മ്യൂസിയം സ്റ്റേഷനില്‍ മൂന്നു ക്രിമിനല്‍ കേസുകളും ഫോര്‍ട്ടില്‍ രണ്ടും വലിയതുറയില്‍ ഒന്നും വിഴിഞ്ഞം സ്റ്റേഷനിലും കേസുകള്‍ ഉണ്ട്.