വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന് ആന്റണി; ഒടുവില്‍ അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് പ്രഖ്യാപനം

single-img
31 March 2019

വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം. അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എകെ ആന്റണിയാണ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.

വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഇതായിരുന്നു ഏകെ ആന്റണിയുടെ വാക്കുകള്‍.

തമിഴ്‌നാട്, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് രാഹുല്‍ മല്‍സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കര്‍ണാടകയും തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയില്‍ വയനാട് തെരഞ്ഞെടുക്കുകയായിരിന്നുവെന്ന് എ.കെ.ആന്റണി അറിയിച്ചു.

ഞായറാഴ്ച രാവിലെ രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നുകൂടി താന്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന് കഴിഞ്ഞ ഒരാഴ്ചയായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധി മനസു തുറന്നിരുന്നില്ല. രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കെപിസിസി നേതൃത്വം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നേരത്തെ നിശ്ചയിച്ചിരുന്ന ടി സിദ്ദിഖാകട്ടെ രാഹുല്‍ ഗാന്ധിയുടെ വരവ് സ്വാഗതം ചെയ്ത് പ്രചാരണ രംഗത്ത് നിന്നും പിന്‍മാറി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയാല്‍ ദക്ഷിണേന്ത്യയിലാകെ അത് അനുകൂല തരംഗം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും ഘടകകക്ഷികളും കണക്ക് കൂട്ടുന്നത്. കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടുന്ന സാഹചര്യം രാഹുലിന്റെ വരവോടെ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നേരത്തെ, കോണ്‍ഗ്രസിന്റെ പതിനെട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോഴും വയനാട് മണ്ഡലം ഒഴിച്ചിട്ടത് ആശങ്കയും ആശയക്കുഴപ്പങ്ങളും ഇരട്ടിക്കാന്‍ ഇടയാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിലുള്ള അമര്‍ഷം വ്യക്തമാക്കി മുസ്ലീം ലീഗും മുതിര്‍ന്ന നേതാക്കളും എത്തി.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതിനിടെ രാഹുല്‍ വയനാട്ടിലും പ്രിയങ്കാ ഗാന്ധി വാരാണസിയിലും മത്സരിക്കുമെന്ന വാര്‍ത്തയുമെത്തി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെ രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിലാണ് വിരാമമായിരിക്കുന്നത്.