നോട്ടയ്ക്ക് വോട്ടു കുത്തല്ലേ…; പ്രചാരണവുമായി എബിവിപി

single-img
31 March 2019

നോട്ടയ്‌ക്കെതിരെ പ്രചരണവുമായി സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി. കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബി.ജെ.പി ശ്രമം നടത്തുന്ന പശ്ചിമ ബംഗാളിലാണ് എ.ബി.വി.പിയുടെ പ്രചരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നത് തടയാനാണ് എ.ബി.വി.പിയുടെ പ്രചരണം. തെരുവുനാടകം, ചുവരെഴുത്തുകള്‍, തെരുവോര യോഗങ്ങള്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവ മുഖേനെയാണ് പ്രചരണം നടക്കുന്നത്.

അതേസമയം ദേശീയ തലത്തില്‍ നോട്ടയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തി വിലയേറിയ വോട്ട് പാഴാക്കി കളയരുതെന്ന് എബിവിപി ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. നോട്ടയ്ക്ക് വോട്ട് നല്‍കാതെ ഓരോരുത്തരും വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. ലഭ്യമായതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയാണ് വേണ്ടതെന്ന് എബിവിപി ബംഗാള്‍ സംസ്ഥാന സെക്രട്ടറി സപ്തര്‍ഷി സര്‍ക്കാര്‍ പറയുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആരിലും വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലാത്ത വോട്ടര്‍മാര്‍ക്ക് വേണ്ടിയാണ് നോട്ട ( നണ്‍ ഓഫ് ദി എബോവ്) എന്ന ബട്ടണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നോട്ടയ്ക്ക് വോട്ട് കൂടുതല്‍ കിട്ടുന്ന സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പില്‍ എന്തുമാറ്റം വരുത്തണമെന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങളില്ല. നിലവില്‍ ഒരു തിരഞ്ഞെടുപ്പിലും നോട്ടയ്ക്ക് വിജയിച്ച സ്ഥാനാര്‍ഥിയേക്കാള്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല.