ക്രൂരമര്‍ദനത്തിനിരയായ ഏഴ് വയസുകാരന്‍ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു

single-img
31 March 2019

ഇടുക്കി തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിനെതിരെ പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ്. ഏഴുവയസുകാരനോട് ഇയാള്‍ ലൈംഗീകാതിക്രമം നടത്തിയിരുന്നതായി തെളിഞ്ഞതായും ഇടുക്കി എസ്.പി കെ.ബി വേണുഗോപാല്‍ പറഞ്ഞു.

പ്രതി ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഇയാളുടെ കാറില്‍ കണ്ടെത്തിയ മഴുവിന്റെ സാന്നിധ്യം ഉള്‍പ്പടെ അന്വേഷിക്കും. തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ചെന്നും, പ്രതി കുറ്റം സമ്മതിച്ചതായും എസ്.പി വ്യക്തമാക്കി.

കുട്ടിയുടെ അമ്മയെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. പ്രതി താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. രോഷാകുലരായ നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. നാട്ടുകാരുടെ രോഷപ്രകടനത്തില്‍ നിന്ന് പണിപ്പെട്ടാണ് പ്രതിയെ പൊലീസ് തിരികെ മടക്കിയത്.

അതേസമയം കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പറയാറായിട്ടില്ലന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം അറിയിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരണമെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.