ആ വാക്കിൻ്റെ അർത്ഥം അതല്ല; ഇടതുപക്ഷക്കാർ തൻ്റെ ഇംഗ്ലീഷ് മനസ്സിലാക്കുവാൻ നന്നായി ബുദ്ധിമുട്ടുന്നു: ശശി തരൂർ

single-img
30 March 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ചെയ്ത ട്വീറ്റ് വിവാദത്തിലായതോടെ അതിന് മറുപടിയുമായി ശശി തരൂർ രം​ഗത്തെത്തി. അദ്ദേഹം പ്രയോ​ഗിച്ച squeamish എന്ന വാക്കിന്റെ മുകളിൽ നിന്നായിരുന്നു വിവാദത്തിന്റെ തുടക്കം. സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിൽ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്.

മീൻമണമേറ്റാൽ ഓക്കാനിക്കുന്ന സസ്യഭുക്കാണെന്നും എന്നിട്ടും വലിയ സ്വീകരണമാണ് മീൻ ചന്തയിൽ ലഭിച്ചത്  എന്നാണ് തരൂർ പറഞ്ഞ വാചകത്തിന്റെ അർഥമെന്നും squeamish എന്ന വാക്കിന് ഓക്കാനമുണ്ടാക്കുന്നത് എന്നാണ് അർഥമെന്നും വിമർശകർ ആരോപിച്ചത്. ശശി തരൂരിന്റെ ഉള്ളിലെ ജാതിബോധമാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നും മത്സ്യത്തൊഴിലാളികളെ അപമാനിക്കുകയാണ് തരൂര്‍ ചെയ്തിരിക്കുന്നതെന്നുമായിരുന്നു വിമര്‍ശനങ്ങൾ.

എന്നാൽ താൻ പ്രയോ​ഗിച്ച വാക്കിനെ തെറ്റായ അർഥത്തിലാണ് എടുത്തതെന്ന് തരൂർ ട്വിറ്ററിൽ നൽകിയ മറുപടിയിൽ പറയുന്നു. മലയാളി ഇടതുപക്ഷ രാഷ്ട്രീയക്കാർ തന്റെ ഇം​ഗ്ലീഷ് മനസില്ലാക്കാൻ നന്നേ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം ട്വിറ്റർ മറുപടിയിൽ വ്യക്തമാക്കി. ആ വാക്കിന്റെ അർഥം സഹിതമാണ് ഇപ്പോൾ തരൂർ മറുപടി നൽകിയിരിക്കുന്നത്. squeamish എന്ന വാക്കിന് സത്യസന്ധമായി, ശുണ്ഠിയുള്ളതായി എന്നീ അർഥങ്ങൾ കാണിക്കുന്ന ഓളം ഓൺലൈൻ ഡിക്ഷ്നറിയുടെ സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.