ശരവണഭവന്‍ രാജഗോപാല്‍ കൊലപാതക കേസില്‍ അകത്താകുമ്പോള്‍…; സിനിമയെ വെല്ലുന്ന അണിയറക്കഥകള്‍ പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകന്‍

single-img
30 March 2019

ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലയുടമ പി. രാജഗോപാലി(72)ന്റെ ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി ശരിവെച്ചത് കൊലപാതകം കൊടുംക്രൂരതയെന്ന വിലയിരുത്തലോടെ. മദ്രാസ് ഹൈക്കോടതി പത്തു വര്‍ഷം മുമ്പ് നല്‍കിയ ശിക്ഷയാണ് സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്.

2001ലാണ് കേസിനാസ്പദമായ സംഭവം. ശരവണഭവനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനുള്ള വ്യഗ്രതയില്‍ രാജഗോപാല്‍ പ്രിന്‍സിനെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. കൊടൈക്കനാല്‍ കാടുകളിലെ പെരുമാള്‍മലൈയിലാണ് മൃതദേഹം കണ്ടെത്തിയത്. പണംകൊണ്ട് കേസ് ഒതുക്കിത്തീര്‍ക്കാമെന്നാണ് രാജഗോപാല്‍ കരുതിയിരുന്നത്.

ഈ കേസിന്റെ പാശ്ചാത്തലത്തിലെ തമിഴ് സിനിമയെ വെല്ലുന്ന അണിയറക്കഥകള്‍ വെളിവാക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ കെഎ ഷാജി. മൂന്നാം വിവാഹത്തിലേക്ക് കടക്കാന്‍ എന്ത് നെറികേടിനും രാജഗോപാലിനെ പ്രേരിപ്പിച്ച ഘടകങ്ങളും ചരിത്രങ്ങളും ഈ കുറിപ്പില്‍ കടന്നുവരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശരവണഭവന്‍ രാജഗോപാലും ഇന്ത്യയില്‍ ജ്യോതിഷത്തിന്റെ ഭാവിയും
…………………………………………………

വിജയം മാത്രമാഗ്രഹിച്ചവനായിരുന്നു ശരവണഭവന്‍ ഉടമ പി രാജഗോപാല്‍. അത് കൊണ്ട് തന്നെയാണ് തന്റെ ആത്മകഥയ്ക്ക് വെട്രി മീത് ആസൈ വൈത്തേന്‍ എന്നയാള്‍ പേരിട്ടതും. ഒരു കാലത്ത് മൈലാപ്പൂര്‍ ബ്രാഹ്മണര്‍ മാത്രം കൈ വച്ചിരുന്ന സസ്യാഹാര വിപണന മേഖലയില്‍ ആ കീഴ് ജാതിക്കാരന്‍ ചെന്നൈ നഗരത്തിലെ രാജാവായി. ആ വിജയങ്ങളിലെ പ്രധാന പ്രേരക ശക്തിയായിരുന്നു പലപ്പോഴും ജ്യോതിഷം. പ്രവചനക്കാര്‍ വിധിച്ച വഴികളില്‍ മാത്രം രാജഗോപാലും രണ്ടു മക്കളും നടന്നു. മിക്കയിടത്തും വിജയിച്ചു. ഒടുവില്‍ കാലിടറി.

വര്‍ഷം 1981. ചെന്നൈ നഗരത്തിലെ കെ കെ നഗറില്‍ അയാളൊരു പലചരക്ക് കട നടത്തുന്നു. തീ ഉപയോഗിക്കുന്ന മേഖലയിലേയ്ക്ക് ബിസിനസ്സ് മാറ്റാന്‍ അന്നയാളെ ഉപദേശിച്ചത് ജ്യോതിഷിയാണ്. അങ്ങനെ ജ്യോതിഷിയെ മാത്രം വിശ്വസിച്ച് സസ്യാഹാര ഹോട്ടല്‍ കച്ചവടത്തിനിറങ്ങി. കാമാച്ചി ഭവന്‍ എന്ന കൊച്ച് ഭക്ഷണശാല ഏറ്റെടുത്തു. അതിന് ശരവണ ഭവന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. രണ്ടാമത്തെ മകന്റെ പേരായിരുന്നു അത്. ആദ്യമൊക്കെ കച്ചവടം നഷ്ടമായിരുന്നു. ഉന്നത ഗുണനിലവാരവും കുറഞ്ഞ വിലയും ആയിരുന്നു അവിടെ. ഒപ്പം തന്നെ ജീവനക്കാര്‍ക്ക് മാന്യമായ വേതനവും. സ്ഥാപനം പതിയെ പിടിച്ചു കയറി.

രുചിയും വൃത്തിയും വലിയ ജനപ്രീതിയുണ്ടാക്കി. വെളിച്ചെണ്ണയാണ് പ്രധാന പാചക എണ്ണ. ഫ്രിഡ്ജ് ഇല്ല. പഴകിയ ഭക്ഷണം ഇല്ല. ഇഡ്ഡലിയിലും മസാല ദോശയിലും ശരവണ ഭവന്‍ ചരിത്രം രചിച്ചു. രാജ്യത്താകമാനം മുപ്പത് ബ്രാഞ്ചുകള്‍. അവയില്‍ രണ്ടെണ്ണം ഡല്‍ഹിയില്‍. ഇരുപതെണ്ണം ചെന്നൈയില്‍. മാന്‍ഹാട്ടനിലക്കെം രാജ്യത്തിന് പുറത്ത് 47 എണ്ണം. എല്ലാം ജ്യോതിഷത്തിന്റെ വരദാനമായി രാജഗോപാല്‍ കരുതി. ഇടയ്ക്ക് വിദേശ ബ്രാഞ്ചുകളുടെ മറവില്‍ മനുഷ്യക്കടത്ത് നടത്തി പണമുണ്ടാക്കിയതിന് ഒരു മകന്‍ അറസ്റ്റിലായി. പുല്ലുപോലെ രാജഗോപാല്‍ അയാളെ പുറത്തിറക്കി.

കേരളത്തില്‍ പലയിടത്തും കാണുന്ന ശരവണ ഭവനുകള്‍ രാജഗോപാലിന്റെ സ്ഥാപനത്തിന്റെ വ്യാജരാണെന്ന് കൂടി കൂട്ടത്തില്‍ പറയേണ്ടതുണ്ട്. ഏത് കൂതറ സസ്യാഹാര ശാലയും ശരവണ ഭവന്‍ എന്ന് പേരിട്ടാല്‍ വിജയം ആകുന്ന സ്ഥിതി ഇപ്പോള്‍ വന്നിട്ടുണ്ട്. ജീവനക്കാര്‍ക്ക് അയാളെന്നും നല്ല പ്രതിഫലം നല്‍കി. ആരോഗ്യ ഇന്‍ഷുറന്‍സും വീട് നിര്‍മ്മാണ സഹായവും ഏര്‍പ്പെടുത്തി. പെണ്‍മക്കളുടെ വിവാഹത്തിന് മുതലാളി വലിയ കൈത്താങ്ങായി. ജീവനക്കാരുടെ പ്രിയപ്പെട്ട അണ്ണാച്ചിയായി.

1972ലായിരുന്നു രാജഗോപാലിന്റെ ആദ്യ വിവാഹം. അതിലാണ് രണ്ടാണ്‍മക്കളുള്ളത്. 1994 ല്‍ രണ്ടാം വട്ടം വിവാഹിതനായി. അതും ജ്യോതിഷിയുടെ ഉപദേശപ്രകാരം ഒരു ജീവനക്കാരന്റെ മകളെ. ജ്യോതിഷി പറഞ്ഞതു പോലെ ലാഭം കൂടി. കമ്പനി വലുതായി. മൂന്നാം വിവാഹത്തെക്കുറിച്ച് രാജഗോപാല്‍ ചിന്തിച്ചത് 1999 ലാണ്. അതും ജ്യോതിഷിയുടെ ഉപദേശം. മറ്റൊരു ജീവനക്കാരന്റെ മകള്‍ ജീവജ്യോതിയെ കെട്ടണം.

അന്നവള്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി. തന്റെ സഹോദരന്റെ ട്യൂഷന്‍ മാസ്റ്റര്‍ പ്രിന്‍സ് ശാന്തകുമാറുമായി അവള്‍ പ്രേമത്തിലായിരുന്നു. രാജഗോപാലിന്റെ ശല്യം സഹിക്കാനാകാതെ അവര്‍ ഇരുവരും ഒളിച്ചോടി. രാജഗോപാല്‍ വിട്ടില്ല. അവരെ പോയി കണ്ടു. പണവും സ്വര്‍ണ്ണവും വസ്ത്രങ്ങളും നല്‍കി പ്രലോഭിപ്പിച്ചു. എന്നാല്‍ അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു അയാളുടെ കൂടെ പോയില്ല. വീണ്ടും അനുനയമായി. ഒരു ലക്ഷം രൂപ ചെറിയ കടയിടാന്‍ നവദമ്പതികള്‍ക്ക് കൊടുത്തു. അവര്‍ വാങ്ങി. പക്ഷെ ജീവജ്യോതി രാജഗോപാലിന്റെ ഭാര്യ ആകാനുള്ള പ്രലോഭനങ്ങളെ അതിജീവിച്ചു.

രണ്ടായിരത്തൊന്നായപ്പോഴേക്കും രാജഗോപാലിന് പക വളര്‍ന്നു. ജീവജ്യോതിയെ ഉപേക്ഷിക്കാന്‍ പറഞ്ഞ് ശാന്തകുമാറിനെ ഭീഷണിപ്പെടുത്തി. ദമ്പതികള്‍ വീണ്ടും ഒളിച്ചോടി. രാജഗോപാലിന്റെ ഗുണ്ടകള്‍ അവരെ പിന്തുടര്‍ന്നു. ബ്രാഞ്ച് മാനേജര്‍ ദാനിയേല്‍ നയിച്ച അഞ്ച് അംഗ സംഘം അവരെ പിടികൂടി. ഇരുവരെയും ശരവണ ഭവന്റെ വെയര്‍ ഹൗസിലടച്ചു. അവിടെ രാജഗോപാല്‍ ശാന്തകുമാറിനെ മര്‍ദ്ദിച്ചു. ജീവജ്യോതി അയാളുടെ കാലില്‍ വീണ് കെഞ്ചി. നുണ പറഞ്ഞു തടവില്‍ നിന്ന് രക്ഷപ്പെട്ട അവരെ വീണ്ടും പിടികൂടി.

ശാന്തകുമാറിനെ കൊല്ലാന്‍ രാജഗോപാല്‍ അഞ്ച് ലക്ഷം രൂപ ദാനിയേലിന് നല്‍കി. എന്നാല്‍ അതില്‍ നിന്ന് അയ്യായിരം ശാന്തകുമാറിന് നല്‍കി ബോംബെയിലേക്ക് രക്ഷപ്പെടാന്‍ ദാനിയേല്‍ പറഞ്ഞു. എന്നാല്‍ ജീവജ്യോതി ശാന്തകുമാറിനെ മടക്കി വിളിച്ചു. സമാധാനമായി ജീവിക്കാന്‍ രാജഗോപാലിന്റെ കാല് പിടിച്ചു യാചിക്കാമെന്ന് പറഞ്ഞു. ജീവജ്യോതിയും കുടുംബവും വീണ്ടും ശാന്തകുമാറിനെ രാജഗോപാലിന് മുന്നില്‍ കൊണ്ടുവന്നപ്പോള്‍ ദാനിയേലിന്റെ ‘ചതി’ വെളിപ്പെട്ടു. അവരെ എല്ലാവരേയും ദൂരെ ഒരു ഗ്രാമത്തില്‍ കൊണ്ടുപോയി. അവരെ ബാധിച്ച ദുര്‍ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ മന്ത്രവാദത്തിന് എന്നായിരുന്നു കാരണം പറഞ്ഞത്.

രണ്ട് ദിവസം കഴിഞ്ഞ് ദാനിയേല്‍ ശാന്തകുമാറിനെ കാറില്‍ കയറ്റി എവിടേക്കോ കൊണ്ടുപോയി. അങ്ങനെ രണ്ടായിരത്തിയൊന്ന് ഒക്ടോബര്‍ 3 ന് കൊടൈക്കനാലില്‍ ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമായിരുന്നു.
ശാന്തകുമാര്‍ പണം വാങ്ങി മുങ്ങിയതായി ജീവജ്യോതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ജ്യോതിഷിയുടെ ഉപദേശപ്രകാരം ജീവജ്യോതിയില്‍ വിധവാ പൂജ നടത്തിയത് അവളില്‍ സംശയമുണ്ടാക്കി. അവള്‍ പോലീസില്‍ പരാതി കൊടുത്തു. കൊടൈക്കനാലിലെ അജ്ഞാഞാത ജഡം ആരുടേതെന്ന് പോലീസ് ഉടന്‍ തീര്‍ച്ചയാക്കി.

ദാനിയേലും സംഘവും ആദ്യവും രാജഗോപാല്‍ പിന്നീടും കീഴടങ്ങി. കോടതികള്‍ ശിക്ഷിച്ചെങ്കിലും ഏതാനും മാസങ്ങളിലെ ജയില്‍ ജീവിതം കഴിഞ്ഞു ജാമ്യത്തിലിറങ്ങി. ജയിലില്‍ സ്വന്തം ഹോട്ടലിലെ ഭക്ഷണം കിട്ടാന്‍ മാസം ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തിരുന്നതായി രാജഗോപാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജീവജ്യോതിക്ക് ആറ് ലക്ഷം രൂപ കൊടുത്ത് കേസൊതുക്കാനായിരുന്നു ജാമ്യത്തിലിറങ്ങി ആദ്യ ശ്രമം. പിന്നെ തുക കൂട്ടി. പണവും ഭീഷണിയും അനുനയവുമെല്ലാമുണ്ടായി. ഒന്നിനും ജീവജ്യോതി വഴങ്ങിയില്ല.

രാജഗോപാല്‍ ജീവപര്യന്തമനുഭവിച്ചേ പറ്റൂയെന്ന സുപ്രീം കോടതി വിധി ജീവജ്യോതിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫലമാണ്. അവര്‍ പൊരുതി നേടിയ വിജയം. രാജഗോപാല്‍ കൊലക്കേസിലും ഒരു മകന്‍ മനുഷ്യക്കടത്ത് കേസിലും അകത്ത് കിടക്കുമ്പോള്‍ നാട്ടില്‍ ശരവണ ഭവന്‍ മാനം മുട്ടെ വളര്‍ന്നു. വലിയ സ്ഥാപനമായി. അച്ഛനും മകനും ജയിലിലെ ഗോതമ്പുണ്ട തിന്നാന്‍ വിധിക്കപ്പെട്ടപ്പോള്‍ നാട്ടുകാര്‍ ശരവണ ഭവനില്‍ സ്വാദുള്ള മസാല ദോശ തിന്നു.

ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം രാജഗോപാലിന് പുഴല്‍ സെന്‍ട്രല്‍ ജയിലിലെ ഉണക്ക ചപ്പാത്തി തിന്നാം. ജ്യോതിഷത്തിന്റെ ഓരോരോ കളികള്‍. എന്തായാലും രണ്ട് കാര്യങ്ങളുറപ്പാണ്. ശരവണ ഭവന്‍ എന്ന രുചി സാമ്രാജ്യം ഒരു കാരണവശാലും തകരില്ല. രണ്ടാമതായി അയാളെ കൊലപാതകിയാക്കിയ ജ്യോതിഷത്തെക്കുറിച്ച് വലിയ പരാമര്‍ശങ്ങളൊന്നും മാധ്യമങ്ങള്‍ നടത്തില്ല.

ഒന്നുകൂടി പറഞ്ഞു അവസാനിപ്പിക്കാം. ഇഷ്ടമുള്ള നേതാവ് ആരെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ രാജഗോപാലിനോട് ചോദിച്ചു. ഗാന്ധിജി എന്നായിരുന്നു ഉത്തരം. എന്ത് കൊണ്ടെന്ന ചോദ്യത്തിന് ഗാന്ധിജിയുടെ ഇരുവശത്തും രണ്ടു സുന്ദരികളെ കണ്ടിട്ടുണ്ടോ എന്നായിരുന്നു മറുചോദ്യം. സുന്ദരികളുടെ സാമീപ്യത്തില്‍ വാര്‍ദ്ധക്യം അകന്നു നില്‍ക്കുമെന്ന് അയാള്‍ പറഞ്ഞു.