രാഹുൽഗാന്ധിക്ക് കരുത്ത് പകരുവാൻ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചെയ്യുക: രാഹുൽഗാന്ധിയുടെ ചിത്രവുമായി ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ നോട്ടീസ്

single-img
30 March 2019

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രവുമായി ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ നോട്ടീസ് ശ്രദ്ധയാകർഷിക്കുന്നു. മധുരയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ നോട്ടിസുകളിലാണ് അരിവാൾ ചുറ്റികയും രാഹുൽ ഗാന്ധിയും ഒരുമിച്ച് ഇടം നേടിയത്.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥിയായി മധുര ലോക്സഭാ മണ്ഡലത്തിൽ സിപിഎമ്മിൻ്റെ എസ്. വെങ്കടേശനാണു മൽസരിക്കുന്നത്. സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായിട്ടാണ് പ്രസ്തുത നോട്ടീസ് പുറത്തിറക്കിയത്. കോൺഗ്രസും മുസ്‍ലിം ലീഗുമെല്ലാം മുന്നണിയിലെ ഘടകകക്ഷികളാണ്.

കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ ചിത്രമുണ്ടെങ്കിലും സിപിഎമ്മിന്റെ ദേശീയ നേതാക്കളുടെ ചിത്രം നോട്ടിസിലില്ല.നമ്മുടെ ചിഹ്നം, വെട്രി (വിജയ) ചിഹ്നം’. എഴുത്തിനു മധ്യത്തിൽ അരിവാൾ ചുറ്റിക നക്ഷത്രവും മുകളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമുണ്ട്. രാഹുലിന്റെ അത്ര വലിപ്പത്തിലല്ലെങ്കിലും മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ഖാദർ മൊയ്തീന്റെ ചിത്രവും നോട്ടിസിലുണ്ട്.

ഇടതുപക്ഷത്തു നിന്നു സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരശൻ എന്നിവരുടെ ചിത്രമുണ്ട്. മുന്നണിയിൽ കോയമ്പത്തൂരും മധുരയുമാണു സിപിഎമ്മിനു ലഭിച്ചത്. നാഗപട്ടണത്തും തിരുപ്പൂരിലും സിപിഐ മൽസരിക്കുന്നു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണ സമിതിയാണു നോട്ടിസുകൾ അടിച്ചിറക്കുന്നതെന്നു സിപിഎം വൃത്തങ്ങൾ അറിയിച്ചു.