രാഹുൽ ഗാന്ധി വയനാടും പ്രിയങ്കാ ഗാന്ധി വരാണസിയിലും?

single-img
30 March 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാടും സഹോദരി പ്രിയങ്കാ ഗാന്ധി വരാണസിയിലും മത്സരിച്ചേക്കുമെന്ന് സൂചന. രാഹുൽ സുരക്ഷിത മണ്ഡലം തേടിയെന്ന പ്രചരണത്തെ  പ്രിയങ്കയെ വാരാണസിയിൽ ഇറക്കിയാൽ മറികടക്കാം എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. പ്രിയങ്ക വരുന്നതോടെ മോദിക്ക് കടുത്ത സമ്മർദം ഉണ്ടാക്കാനാകുമെന്നും വിലയിരുത്തുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്ക് മുമ്പ് ഉണ്ടാകുമെന്നാണ് സൂചന. ന്യുസ് 24ലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിനകം 313 സ്ഥാനാർത്ഥികളെ കോൺഗ്രസ്സ് പ്രഖ്യാപിച്ചു. കോൺഗ്രസ്സിന്റെ പതിനെട്ടാം സ്ഥാനാർഥി പട്ടികയാണ് ഇന്നലെ രാത്രി പുറത്ത് വന്നത്. പക്ഷേ വയനാടും വടകരയും ഒന്നിലും ഇടം പിടിച്ചില്ല. വയാടിന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നതാണ് വടകരയുടെ പ്രഖ്യാപനം നീട്ടുന്നതെന്നാണ് സൂചനകൾ.

ഇവിടെ കെ മുരളീധരന്റെ സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം ഇല്ല എന്നാണ് ഹൈക്കമാൻഡ് നേതാക്കൾ സൂചിപ്പിക്കുന്നത്. എന്നാൽ വയനാടിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധി അന്തിമ നിൽപാട് അറിയിക്കുന്നത് വരെ തീരുമാനം നീളും എന്നും നേതാക്കൾ അറിയിക്കുന്നു.

ദക്ഷിണേന്ത്യയിൽ മത്സരിക്കാനുള്ള സാധ്യത ഈ അനിശ്ചിതാവസ്ഥക്കിടയിലും തള്ളിക്കളയാൻ രാഹുൽ തയ്യാറാകുന്നില്ലെന്നുള്ളതാണ് വസ്തുത. ഒരു ഹിന്ദി ദിന പത്രത്തിനും വാർത്ത ഏജൻസിയായ പിടിഐക്കും നൽകിയ അഭിമുഖത്തിൽ ആണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. ദക്ഷിണേന്ത്യയിൽ മത്സരിക്കണം എന്ന ആവശ്യം ന്യായം ആണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വരവിനെ കുറിച്ചുള്ള പ്രതീക്ഷകൾ കേരള കോൺഗ്രസ് നേതൃത്വം  വച്ചുപുലർത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വയനാടിന് പുറമെ കർണാടകയിലെ ബിദാറിൽ രാഹുൽ മത്സരിക്കൻ ആലോചിക്കുന്നതായും  സൂചനയുണ്ട്.