സ്ഥാനാർത്ഥിയാണോ, എങ്കിൽ ചൂടറിഞ്ഞു വോട്ടു പിടിച്ചാൽ മതി; സ്ഥാനാർത്ഥികൾ പ്രചരണത്തിനിടയിൽ കൂളർ ഉപയോ​ഗിച്ചാൽ തെരഞ്ഞെടുപ്പ് ചെലവിനത്തിൽ പോകും

single-img
30 March 2019

പ്രചരണത്തിനിടയിൽ സ്ഥാനാർത്ഥികൾ ചൂടിനെ പ്രതിരോധിക്കാൻ കൂളർ ഉപയോ​ഗിച്ചാൽ തെരഞ്ഞെടുപ്പ് ചെലവിനത്തിൽ പോകും.  കൂളർ അടക്കം പ്രചാരണത്തിനും അനുബന്ധകാര്യങ്ങൾക്കും ഉപയോഗിക്കുന്ന 90 ഇനങ്ങളുടെ നിരക്ക് കമ്മിഷൻ പ്രസിദ്ധീകരിച്ചു. പ്രചാരണവേദിയിൽ ചെറിയ കൂളർ ഉപയോഗിച്ചാൽ അതിന് 500 രൂപ ചെലവ് കണക്കാക്കുക. വലിയ കൂളറാണെങ്കിൽ 1000 രൂപയും കണക്കാക്കുമെന്നും  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. .

നേതാക്കളെയോ സ്ഥാനാർഥികളെയോ പരവതാനി വിരിച്ച് ആനയിക്കണമെങ്കിൽ ചതുരശ്രയടിക്ക് അഞ്ചുരൂപ ചെലവാകും. താത്‌കാലിക തിരഞ്ഞെടുപ്പുകമ്മിറ്റി ബൂത്തുകൾക്ക് 1000 രൂപയും പെഡസ്റ്റൽ ഫാൻ (ദിവസം) 200 രൂപ, എ.സി. മുറികൾക്ക് (ദിവസം) 1000 രൂപ, എ.സി. ഇല്ലാത്ത മുറികൾക്ക് 600 രൂപയുമായിരിക്കും ചെലവായി കണക്കാക്കുക. ഹോർഡിങ്സ് ഒരടിക്ക് 110 രൂപ, ഏഴുപേർക്ക് ഇരിക്കാവുന്ന സ്റ്റേജിന് 2000 രൂപ, 15 പേർക്ക് ഇരിക്കാവുന്ന സ്റ്റേജിന് 4000 രൂപ, വലിയ സ്റ്റേജിന് 7500 രൂപ. വാഹനസ്റ്റേജിന് 5000 രൂപ. മുത്തുക്കുട ഒന്നിന് 150, നെറ്റിപ്പട്ടം 1500 രൂപയുമായിരിക്കും.

തോരണങ്ങൾ ഒരടി നീളത്തിന് നാലുരൂപവെച്ച് കണക്കാക്കും. തുണിയിലുള്ള ബോർഡിന് ഒരടിക്ക് 30 രൂപയും മരത്തിന്റെ ചട്ടക്കൂടുള്ളതിന് ഒരടിക്ക് 40 രൂപയും ചെലവ് കണക്കാക്കും. തടികൊണ്ടുള്ള കട്ടൗട്ടിന് ഒരടിക്ക് 110 രൂപയും തുണിയിലുള്ള പതാകകൾക്ക് ഒരടിക്ക് 22 രൂപയുമാണ് നിരക്ക്. ചെറിയ പ്രവേശനകവാടങ്ങൾക്ക് 3000 രൂപയും ഓഡിയോ ഗാനങ്ങൾക്ക് ഒരാൾ പാടുന്നതിന് അയ്യായിരവും രണ്ടുപേർ പാടുന്നതിന് 10,000 രൂപയും ചെലവ് കണക്കാക്കും.

ബാൻഡ്, ചെണ്ട മേളത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് 500 രൂപ വീതവും,  ട്യൂബ്‌ലൈറ്റ് 10, ഹാലജൻ ലൈറ്റ് 200, എൽ.ഇ.ഡി. ടി.വി. 250, വീഡിയോവാൾ ചെറുത് ദിവസത്തിന് 6000, വലുതിന് 9000 രൂപ എന്നിങ്ങനെയും കണക്കാക്കും. 15 കെ.വി. ജനറേറ്ററിന് 3000 രൂപയും നഗരത്തിലെ ഓഡിറ്റോറിയം ഉപയോഗത്തിന് (500 പേരെ ഉൾക്കൊള്ളുന്നത്) 10,000 രൂപയും പഞ്ചായത്തുകളിൽ 5000 രൂപയുമായിരിക്കും കണക്കാക്കുക.

പ്രചാരണത്തിന് ഉപയോഗിക്കുന്ന ബസിന് ഒരു ദിവസം 6000 രൂപയും കാർ, ജീപ്പ് എന്നിവയ്ക്ക് 2000 രൂപയും ടെമ്പോ, ട്രക്ക് എന്നിവയ്ക്ക് 3000 രൂപയും കണക്കാക്കും. വെബ്സൈറ്റ് ഹോസ്റ്റിങ് ചാർജ് 1000 രൂപയും ഡിസൈൻ ചാർജ് പേജിന് 500 രൂപയുമാണ്. ഉച്ചഭക്ഷണം ഒരാൾക്ക് 50 രൂപ, ബിരിയാണി (വെജ്) 75 രൂപയും നോൺവെജിന് 130 രൂപയുമായിരിക്കും. ഈ ചെലവുകളെല്ലാം ഉൾപ്പെടെ ഒരു സ്ഥാനാർഥിക്ക് മണ്ഡലത്തിൽ ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്.