കാരണം ലീഗിനറിയില്ല, കോൺഗ്രസിനു മാത്രമേ അറിയാവൂ: വയനാട് യുഡിഎഫ് സ്ഥാനാർഥിത്വം വൈകുന്നത് സംബന്ധിച്ച് കുഞ്ഞാലികുട്ടി

single-img
30 March 2019

കോണ്‍ഗ്രസിനു മാത്രമറിയാവുന്ന കാരണത്താലാണ് വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം നീളുന്നതെന്നു മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ഥിത്വം വൈകുന്നതു സംബന്ധിച്ച് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ എഐസിസി നേതൃത്വവുമായും കെപിസിസി നേതൃത്വവുമായും സംസാരിച്ചെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പാണക്കാട്ടു ചേര്‍ന്ന അടിയന്തര നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതു കോണ്‍ഗ്രസിനു മാത്രം അറിയാവുന്ന കാരണങ്ങള്‍ കൊണ്ടാണ്. ഒരുപക്ഷേ പ്രഖ്യാപനം വൈകിയിട്ടില്ലെന്നാവും കോണ്‍ഗ്രസ് കണക്കാക്കുന്നത്. ദേശീയ തലത്തില്‍ ഇത് വൈകലല്ല, എന്നാല്‍ നമുക്ക് ഇവിടെ പ്രഖ്യാപനം വൈകിയെന്ന വിലയിരുത്തലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഏകപക്ഷീയമായി പ്രചാരണം മുന്നോട്ടുപോവുന്നതു ഗുണം ചെയ്യില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഏറ്റവും സ്വാഗതാര്‍ഹമായ കാര്യമാണ്. ഇക്കാര്യം ഇന്നു രാവിലെയും തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ നീണ്ടുപോവുന്നതുകൊണ്ടാവാം തീരുമാനം നീളുന്നത്. അതിനു മറ്റു വ്യാഖ്യാനങ്ങളൊന്നും നല്‍കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മറ്റൊരു പാര്‍ട്ടി ഇടപെട്ടതുകൊണ്ടാണ് രാഹുലില്‍ വയനാട്ടില്‍ വരാത്തതെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് മുസ്ലിം ലീഗ്  അഭിപ്രായമൊന്നും പറയുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.