എടിഎം ക്യൂവില്‍ നിന്ന് മരിച്ചാല്‍ കുറ്റം നോട്ട് നിരോധനത്തിനാണോ: കുമ്മനം രാജശേഖരന്‍

single-img
30 March 2019

‘എടിഎം ക്യുവില്‍ നിന്നു തലകറങ്ങി വീണ് മരിച്ചാല്‍ നോട്ട് നിരോധനത്തെ കുറ്റം പറയാന്‍ പറ്റുമോ? ശബരിമലയില്‍ ക്യു നിന്ന് മരിച്ചാല്‍ നമുക്ക് തീര്‍ത്ഥാടനത്തെ കുറ്റം പറയാന്‍ പറ്റുമോ? ആ സമയത്ത് എന്തൊക്കെ സംഭവിച്ചിരിക്കുന്നുവെന്നല്ലാതെ… തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ വാക്കുകളാണിത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് എന്ന പരിപാടിയില്‍ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ ബിജെപി എന്തുകൊണ്ട് പ്രചാരണ വിഷയമാക്കുന്നില്ലെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.

‘നോട്ട് നിരോധനത്തെ കുറിച്ചും ജിഎസ്ടിയെ കുറിച്ചുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോള്‍ പ്രസംഗിക്കുമ്പോഴും പറയാറുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി ഇനത്തില്‍ ഉണ്ടായിരിക്കുന്ന വന്‍വര്‍ദ്ധനവിനെ കുറിച്ച് ആരും പറയുന്നില്ല. ഇവിടെയുണ്ടായിരുന്ന പണം അക്കൗണ്ടഡായി എന്നതാണ്.

അതിനകത്തെ ഏറ്റവും വലിയ നേട്ടം അതാണ്. ആ പണത്തിന്റെ നികുതി ലഭിക്കുന്നു. അതിലൂടെ നികുതി വരുമാനം വര്‍ദ്ധിച്ചു. നികുതി വരുമാനത്തില്‍ വലിയൊരു കുതിപ്പുണ്ടായെന്നത് ഇവിടെ തമസ്‌കരിക്കുകയാണ്. ആ സമയത്ത് ക്യൂവില്‍ നിന്ന് വെളളം കിട്ടാതെ തലകറങ്ങി വീണവരുടെ കണക്കാണ് പ്രചരിപ്പിക്കുന്നത്,’ കുമ്മനം കുറ്റപ്പെടുത്തി.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്