ഗംഭീറിന് പൊങ്കാലയിട്ട് ധോണി ഫാന്‍സ്

single-img
30 March 2019

ഐ.പി.എല്ലില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജുവാണെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു.

ലോകകപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണ് സഞ്ജുവെന്നും ഗംഭീര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗംഭീര്‍ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ബി.സി.സി.ഐ, ഐപിഎല്‍, രാജസ്ഥാന്‍ റോയല്‍സ് എന്നിവരെ ടാഗ് ചെയ്തായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

എന്നാല്‍ ‘നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍’ എന്ന പ്രയോഗമാണ് ധോണി ആരാധകരെ ചൊടിപ്പിച്ചത്. ധോണിയോട് പണ്ടു മുതല്‍ക്കെ ഗംഭീറിന് അസൂയയാണെന്നും ഇതിനാലാണ് ഇത്തരം കാര്യങ്ങള്‍ പുലമ്പുന്നതെന്നും ആരാധകര്‍ പ്രതികരിച്ചു.

നിങ്ങള്‍ ധോണി എന്ന പേര് കേട്ടിട്ടില്ലേ എന്നും പലരും ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ എല്ലാകാലവും ധോണിക്ക് എതിരാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാമെന്നും ഗംഭീറിനോട് ധോണി ആരാധകര്‍ പറയുന്നുണ്ട്.

സഞ്ജുവിനെതിരേയും കമന്റുകളുണ്ട്. സഞ്ജു ഒരു മത്സരത്തില്‍ മാത്രം തിളങ്ങുന്ന കളിക്കാരനാണെന്നാണ് വിമര്‍ശനം. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണം എന്ന ഗംഭീറിന്റെ വാക്കുകള്‍ക്ക് ബി.സി.സി.ഐ വിലനല്‍കാന്‍ പോകുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.