ചെളിക്കുണ്ടില്‍ കുടുങ്ങിയ ആറ് ആനക്കുട്ടികളെ രണ്ടുദിവസത്തിനുശേഷം രക്ഷപ്പെടുത്തി: വീഡിയോ

single-img
30 March 2019

തായ്‌ലന്‍ഡില്‍ കൂട്ടംതെറ്റി ചെളിക്കുളത്തില്‍പ്പെട്ട ആനക്കുട്ടികളെ രക്ഷപെടുത്തി. കിഴക്കന്‍ ബാങ്കോക്കിലെ ദേശീയോദ്യാനത്തിലായിരുന്നു സംഭവം. പാര്‍ക്കിലെ ജീവനക്കാരാണ് ആനക്കുട്ടികളെ ചെളിക്കുളത്തില്‍ പെട്ടനിലയില്‍ കണ്ടെത്തിയത്. ഏകദേശം ഒന്നര വയസുള്ള ആറ് ആനക്കുട്ടികളാണ് കുളത്തില്‍ അകപ്പെട്ടത്.

വെള്ളവും ചെളിയും നിറഞ്ഞ കുഴിയില്‍വീണ ആനക്കുട്ടികള്‍ കരയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ഓരോതവണയും പരാജയപ്പെട്ടു. ഇതിനിടെ കൂടുതല്‍ താഴ്ചയിലേക്ക് താഴ്ന്നുപോകുന്ന സ്ഥിതിയുമുണ്ടായി. ചെളിക്കുണ്ടില്‍നിന്ന് രക്ഷപ്പെടാനാകാതെ ആനക്കുട്ടികള്‍ അലറിവിളിച്ചതോടെ പാര്‍ക്ക് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരുന്നു.

തുടര്‍ന്ന് അപകടം നടന്ന ചെളിക്കുണ്ടിന് സമീപത്തുനിന്ന് മണ്ണെടുക്കുകയും ആനക്കുട്ടികള്‍ക്ക് എളുപ്പം കയറിവരാവുന്ന രൂപത്തില്‍ വഴിയൊരുക്കുകയും ചെയ്തു. ഇതോടെയാണ് രണ്ടുദിവസം ചെളിക്കുണ്ടില്‍ കഴിഞ്ഞ ആനക്കുട്ടികള്‍ കരയിലേക്ക് കയറിയത്.