ഹർത്താൽ ഓട്ടത്തിലൂടെ വാർത്തകളിൽ നിറഞ്ഞ എടപ്പാളിൽ ലൂസിഫറിന് മാരത്തണ്‍ പ്രദര്‍ശനം; രണ്ട് സ്‌ക്രീനിൽ വ്യാഴാഴ്ച നടന്നത് 14 പ്രദര്‍ശനം

single-img
30 March 2019

ജനുവരി മാസത്തിൽ  സംഘപരിവാർ നടത്തിയ ഹർത്താലിനിടയിലെ  രസകരമായ `ഹർത്താൽ ഓട്ടത്തിലൂടെ´ പ്രശസ്തിയിലേക്കുയർന്ന സ്ഥലമാണ് എടപ്പാൾ.  ഈ എടപ്പാളിൽ പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന് മാരത്തണ്‍ പ്രദര്‍ശനമാണ്  കഴിഞ്ഞദിവസം നടന്നത്.

എടപ്പാളിലെ ഗോവിന്ദ തിയേറ്ററിലെ രണ്ട് സ്‌ക്രീനിലുമായി വ്യാഴാഴ്ച നടന്നത് 14 പ്രദര്‍ശനങ്ങളാണ്. വ്യാഴാഴ്ച ഏഴുമണിക്കുള്ള ആദ്യ പ്രദര്‍ശനത്തിന് ശേഷം 10.45, 2.00, 5.15, രാത്രി 8.30, 11.45, വെള്ളിയാഴ്ച പുലര്‍ച്ചെ 3.15 എന്നിങ്ങനെ ഏഴു പ്രദര്‍ശനമാണ് ഓരോ സ്‌ക്രീനിലും നടന്നത്.

രണ്ട് പ്രദര്‍ശനം ഫാന്‍സുകള്‍ക്കുള്ളതായതിനാല്‍ തിയേറ്ററിലെത്തിയവര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ തികയാതെയും വന്നിരുന്നു. നേരത്തെ മോഹന്‍ലാലിന്റെ പുലിമുരുകന്‍ 12 പ്രദര്‍ശനംവരെ ഇവിടെ നടത്തിയിരുന്നു.

രാവിലെ കൗണ്ടര്‍ തുറന്നശേഷം ഭക്ഷണംപോലും കഴിക്കാതെ തുറന്നിരുന്നാണ് തുടര്‍ച്ചയായി ടിക്കറ്റ് വിതരണംചെയ്തതെന്നു മാനേജ്മെന്റും ജീവനക്കാരും അറിയിച്ചു.  ഇതുകൂടാതെ ഓണ്‍ലൈന്‍ ബുക്കിങ്ങും നടന്നു.

സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന പൃഥ്വിരാജിന്റെ പിതാവ് സുകുമാരന്റെ ചിത്രം തയ്യാറാക്കിയത് എടപ്പാളിലെ മണല്‍ ചിത്രകാരനായ ഉദയന്‍ എടപ്പാളാണെന്നുള്ളത് മറ്റൊരു കൗതുകം.