എൻ്റെ മക്കൾക്കിപ്പോൾ എന്നെ പേടിയാണ്; ഇളയമകൻ എന്നെ കണ്ടിട്ട് അരികിലേക്കു വരാൻ പോലും കൂട്ടാക്കിയില്ല: രണ്ടാനച്ഛൻ്റെ ക്രൂരമർദനമേറ്റ കുട്ടിയുടെ അമ്മ

single-img
30 March 2019

ഭർത്താവിന്റെ മരണശേഷം, തുടർന്നുള്ള നിസ്സഹായാവസ്ഥയിൽ സംരക്ഷകനായിട്ടാണ് ഭർത്താവിന്റെ ബന്ധുകൂടിയായ അരുണെത്തിയതെന്നും ക്രൂരനായ അരുണിനെ തനിക്കും മക്കൾക്കും പേടിയായിരുന്നു എന്നും തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമർദനമേറ്റ് മൃതപ്രായനായ കുട്ടിയുടെ അമ്മ. ‘‘തെറ്റുപറ്റിപ്പോയി, അതിന്റെ ദുരിതമനുഭവിക്കുന്നത് എന്റെ മകനും. ആ സമയത്ത് എനിക്ക് ഒന്നും ശബ്ദിക്കാനായില്ല…’’- അമ്മ പറഞ്ഞു.

എന്റെയും മക്കളുടെയും സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് അരുണിന്റെ ഉപദ്രവങ്ങളെക്കുറിച്ച് പറയാതിരുന്നത്. അരുണിനെ രക്ഷിക്കാനല്ല ശ്രമിച്ചത്, എന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് നോക്കിയത്. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമാണ് മനസ്സിലുണ്ടായിരുന്നത്’’- അവർ പറഞ്ഞു. അവനെ ആശുപത്രിയിലെത്തിച്ചപ്പോൾ കട്ടിലിൽനിന്ന് വീണെന്ന് ഡോക്ടറോട് കള്ളം പറയേണ്ടിവന്നത് പേടികൊണ്ടാണ്. ഡോക്ടറോട് സംസാരിക്കുമ്പോൾ അരുൺ അടുത്തുണ്ടായിരുന്നു. കോലഞ്ചേരി ആശുപത്രിയിൽ വന്നപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും മാതാവ് വെളിപ്പെടുത്തി.

‘‘എന്റെ മക്കൾക്കിപ്പോൾ എന്നെ പേടിയാണ്. ഇളയമകൻ ആശുപത്രിയിൽവെച്ച് എന്നെ കണ്ടിട്ട് അരികിലേക്കു വരാൻ പോലും കൂട്ടാക്കിയില്ല. എന്നെ എന്റെ കുട്ടികളിൽനിന്ന് അകറ്റാനാണ് അരുൺ ശ്രമിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഭർത്താവിന്റെ മരണശേഷം കുട്ടികൾക്ക് അളവിലധികം ലാളന നല്കി. എന്നാൽ, അരുണിനൊപ്പം താമസമായതോടെ അയാളുടെ നിർബന്ധപ്രകാരം അവരെ ലാളിക്കുന്നത് കുറച്ചു. ആൺകുട്ടികളാണ് അവരെ ഒരുപാട് ലാളിച്ചാൽ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നാണ് അയാൾ പറഞ്ഞിരുന്നത്’’.

‘‘ഭർത്താവിന്റെ മരണശേഷം, തുടർന്നുള്ള നിസ്സഹായാവസ്ഥയിൽ സംരക്ഷകനായിട്ടാണ് ഭർത്താവിന്റെ ബന്ധുകൂടിയായ അരുണെത്തിയത്. കുട്ടികളെ ഉപദ്രവിച്ചശേഷം അതിനെ ന്യായീകരിക്കാനുള്ള കഴിവുണ്ടായിരുന്നു അയാൾക്ക്. നമ്മുടെ ഭാഗത്ത് തെറ്റുകളുണ്ട്, അതിനെ തിരുത്തണം എന്ന രീതിയിലായിരുന്നു പറഞ്ഞിരുന്നത്’’.

‘‘മക്കളെ ഒറ്റയ്ക്ക് വീട്ടിലിരുത്തണം, എന്നാലേ അവർക്ക് ധൈര്യം വരൂവെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം അവരെ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പോയത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ ഇളയമകൻ കിടക്കയിൽ മൂത്രമൊഴിച്ചത് ശ്രദ്ധയിൽപ്പെട്ട അരുൺ മൂത്തമകനെ വിളിച്ചുണർത്തി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു. തടയാൻ ചെന്ന തന്റെ മുഖത്തടിച്ചു. ഭ്രാന്തമായ അവസ്ഥയിലായിരുന്നു അരുൺ. പേടിയോടെ മാറിനിൽക്കാനേ കഴിഞ്ഞുള്ളൂ. എന്റെ ബുദ്ധിയില്ലായ്മയാണ് മകന് ഇങ്ങനെയൊരു അവസ്ഥ വരുത്തിയതെന്നും അവർ പറഞ്ഞു.

ബി.ടെക് ബിരുദധാരിയാണ് കുട്ടിയുടെ അമ്മ. മൃതപ്രായനായ കുട്ടി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. 48 മണിക്കൂർ കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടർമാർ ഇന്നലെ അറിയിച്ചത്. കുട്ടിയ മർദിച്ച പ്രതി അരുണിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മുമ്പ് തിരുവനന്തപുരത്ത് കൊലക്കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് അരുണെന്ന് പൊലീസ് പറഞ്ഞു.