വയനാട്ടിൽ രാഹുൽ മത്സരിക്കരുതെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ: പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തരുത്

single-img
29 March 2019

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന നിലപാടുമായി ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ. ഇടതുപാര്‍ട്ടികള്‍ക്കെതിരായി മത്സരിക്കുന്നത് ബി.ജെ.പി.ക്ക് ഉത്തരേന്ത്യയില്‍ അനുകൂലമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുമായും സോണിയയുമായും ഇതു സംബന്ധിച്ച് എം കെ സ്റ്റാലിൻ സംസാരിച്ചു.  പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തരുതെന്ന് സ്റ്റാലിൻ ഇരുവരോടും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന സന്ദേശം കോണ്‍ഗ്രസിനെ മറ്റ് യു.പി.എ സഖ്യകക്ഷി നേതാക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്‍.സി.പി നേതാവ് ശരദ് പവാറും ലോക്താന്ത്രിക് ജനതാദളും രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.” കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആയിരിക്കണം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് പാര്‍ട്ടി നേതാക്കള്‍ ഇടപെടുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തില്‍ എക്കാലത്തും ഇടതുപക്ഷമാണ് എതിരാളികള്‍. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ ദേശീയ തലത്തിലുള്ള ബി.ജെ.പി. വിരുദ്ധ സഖ്യം തകരില്ല”. രാഹുല്‍ പിന്മാറിയാല്‍ കേരളത്തിലെ വിജയ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവെച്ചു.

രാഹുൽ വന്നില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ്‌ വി വി പ്രകാശും പറഞ്ഞു. രാഹുൽ വന്നില്ലെങ്കിൽ വയനാട്ടിൽ ടി സിദ്ദീഖ് തന്നെ സ്ഥാനാർത്ഥിയാകണമെന്നില്ലെന്നും വി വി പ്രകാശ് പറഞ്ഞു. മുസ്ലിംലീഗും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിജയ സാധ്യതയുള്ള മണ്ഡലത്തിൽ അനിശ്ചിതത്വം ഉണ്ടാക്കിയതിൽ പ്രതിഷേധിച്ച് മുതിർന്ന ലീഗ് നേതാക്കൾ കൽപ്പറ്റയിൽ യോഗം ചേർന്നു.