തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ യാത്രക്കാരിയുടെ പാസ്പോർട്ട്‌ കീറിയതായി പരാതി

single-img
29 March 2019

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ യാത്രക്കാരിയുടെ പാസ്‌പോര്‍ട്ട് നശിപ്പിച്ചതായി പരാതി. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ഭാര്യ ഷനുജക്കാണ് ദമ്മാമിലേക്കുള്ള യാത്രക്കിടെ ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവമുണ്ടായത്.

കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ താമസിക്കുന്ന ഭർത്താവ്‌ ഇർഷാദിന്റെ അടുത്തേക്ക്‌ നേരത്തെ പലതവണ യാത്ര ചെയ്തിട്ടുണ്ട്‌ ഷനുജ. മക്കളായ ഫാദിൽ, ഫാഹിം എന്നിവരോടൊപ്പം യാത്രക്കൊരുങ്ങി മാർച്ച് 23 ന്​ രാവിലെ എട്ടു മണിക്ക് എയർപോർട്ടിൽ എത്തിയപ്പോൾ ആദ്യമായാണ്‌ ഈ‌ ദുരനുഭവം. 

ഗൾഫ് എയർ വിമാനയാത്രക്ക്​ ബോർഡിങ് പാസ്​ വാങ്ങി എമിഗ്രേഷൻ നടപടികൾക്കായി ഉദ്യോഗസ്ഥൻ പാസ്​പോർട്ട് കൈമാറി.  പാസ്​പോർട്ട് വാങ്ങി നോക്കിയ ശേഷം നിങ്ങൾക്ക് യാത്ര ചെയ്യാനാവില്ലെന്നും പാസ്​പോർട്ട് കീറിയിരിക്കുകയാണെന്നും അയാൾ പറഞ്ഞു. ഷനുജ നോക്കുമ്പോൾ പാസ്​പോർട്ട് അൽപം ഇളകിയ നിലയിലായിരുന്നു.

തുടർന്ന് കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് എന്തോ സംസാരിച്ചു മടങ്ങിവന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പൂർണമായും ഇളകി രണ്ടാക്കി മാറ്റിയ പാസ്പ്പോർട്ടാണ് ഷനുജയ്ക്ക് തിരിച്ച് നൽകിയത്‌. ഇതുപയോഗിച്ച് യാത്രാനുമതി നൽകാനാവില്ലെന്നും ഇദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ച് തിരിച്ചു നൽകിയ പാസ്​പോർട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ പറയുന്നു.‌ 
പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരെത്തി ചർച്ച ചെയ്ത ശേഷം ഇവരെ യാത്രക്ക്​ അനുവദിക്കുകയായിരുന്നു.

ദമ്മാമില്‍ എത്തിയ സനുജയുടെയും കുട്ടികളുടെയും നിസ്സഹായാവസ്ഥ മനസ്സിലാക്കിയാണ് സൗദി അധികൃതര്‍ എമിഗ്രേഷന്‍ അനുവദിച്ചത്. തന്റെ കുടുംബത്തിന് നാട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനില്‍ നിന്നും അനുഭവിക്കേണ്ടി വന്ന മാനസിക പീഢനത്തിനും പാസ്‌പോര്‍ട്ട് നശിപ്പിച്ചതിനും എതിരെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനും കേരള മുഖ്യ മന്ത്രിക്കും പരാതി നല്‍കി മറുപടിക്കായി കാത്തിരിക്കുകയാണ് ഇര്‍ഷാദ് ഇപ്പോള്‍.