മോദിയുടെ മണ്ഡലമായ വാരണാസിയില്‍ താന്‍ മത്സരിച്ചാലോ ?; ചോദ്യവുമായി പ്രിയങ്ക ഗാന്ധി

single-img
29 March 2019

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും. വൈകുന്നേരം ഇവിടുത്തെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രിയങ്ക മെഗാ ഇലക്ഷന്‍ റാലിയില്‍ പങ്കെടുക്കുമെന്നും പൊതുയോഗത്തില്‍ സംസാരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും സജീവമായി.
റായ്ബറേലിയിലെ പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നായിരുന്നു പ്രവര്‍ത്തകര്‍ക്ക് അറിയേണ്ടിയിരുന്നത്. പ്രിയങ്ക മത്സരിക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു.

പ്രിയങ്ക മത്സരിച്ചാല്‍ പൂര്‍വാഞ്ചലില്‍ അതൊരു തരംഗം തന്നെയാകുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. ഇതിനോട്, ‘വാരണാസിയില്‍ നിന്ന് മത്സരിക്കട്ടെ..?’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രിയങ്കയുടെ മറുചോദ്യം. തെരഞ്ഞെടുപ്പ് പ്രചാരണ യാത്രക്ക് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് ഇന്നലെ പ്രിയങ്ക തുടക്കം കുറിച്ചിരുന്നു.