രാഹുലിൻ്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഡല്‍ഹിയില്‍ വന്‍ അന്തര്‍ നാടകങ്ങൾ നടക്കുന്നു: മുല്ലപ്പള്ളി

single-img
29 March 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് തടയാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഡല്‍ഹിയില്‍ വന്‍ അന്തര്‍ നാടകങ്ങളാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇക്കാര്യം വെളിപ്പെടുത്തും.  രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടതാണ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ വൈകുന്നത് കോണ്‍ഗ്രസിന്റെ ജയസാധ്യതയെ ബാധിക്കില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് യുഡിഎഫിന് ഒരു തരത്തിലും ആശങ്ക സൃഷ്ടിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഗൂഡശ്രമങ്ങള്‍ നടത്തുന്നത്. ആ പാര്‍ട്ടി ഏതാണെന്ന് ഇപ്പോള്‍ പറയുന്നില്ല. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നു. രാഹുല്‍ കേരളത്തില്‍ മല്‍സരിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിന്റെ സത്ത നഷ്ടപ്പെടുത്തുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടതെന്നും മുഖ്യമന്ത്രിക്ക് അത് പറയാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.