പാകിസ്താൻ ശവങ്ങളെണ്ണിത്തീർന്നിട്ടില്ല;അപ്പോഴാണ് ഇവിടെ ചിലർക്ക് തെളിവ് വേണ്ടത്: നരേന്ദ്ര മോദി

single-img
29 March 2019

പാകിസ്താൻ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും അപ്പോഴാണ് ഇവിടെ ചിലർ തെളിവ് ചോദിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിലെ കൊറാപുട്ടിൽ നടന്ന തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വ്യോമാക്രമണം നടന്നിട്ട് ഒരു മാസമായിരിക്കുന്നു. എന്നിട്ട് ഇപ്പോഴും പാകിസ്ഥാന്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതശരീരങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ജനങ്ങള്‍ (പ്രതിപക്ഷം) തെളിവ് ചോദിച്ചുകൊണ്ടിരിക്കുകയാണ്… ഇന്ത്യ ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോള്‍, ശത്രു പാളയത്തിലേക്ക് കടന്നു കയറി ആക്രമണം നടത്തുമ്പോള്‍ അവര്‍ തെളിവ് ചോദിക്കുന്നു” – ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ ചോദിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ വിമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

ഡിആർഡിഒ നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങളെയും മോദി പരാമർശിച്ചു.

”രണ്ട് ദിവസം മുമ്പ് ഒഡീഷയും രാജ്യം മുഴുവനും ഒരു വലിയ കാര്യത്തിന് സാക്ഷിയായി. ഇന്ത്യ ഇപ്പോള്‍ ബഹിരാകാശത്തും ശക്തി തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ ബഹിരാകാശത്തും രാജ്യത്തിന് കാവല്‍ ഉണ്ട്. ലോകം മുഴുവന്‍ ശ്രദ്ധിക്കുകയും നമ്മുടെ ശാസ്ത്രജ്ഞരെ കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്ന ഈ നിമിഷത്തിലും ചിലര്‍ പരിഹസിക്കുകയും ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ആ നേട്ടങ്ങളെ അപമാനിക്കുകയും ചെയ്യുന്നു” – മോദി പറഞ്ഞു. 

‘നിങ്ങൾക്ക് വേണ്ടത് കരുത്തുള്ള ഒരു സർക്കാ‍രിനെയാണോ അതോ ഗതികെട്ട ഒരു സർക്കാരിനെയാണോ’ എന്നും മോദി ചോദിച്ചു.

ഏപ്രില്‍ 11 നാണ് ഒഡിഷയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 21 ല്‍ ഒരു സീറ്റ് മാത്രമാണ് ഒഡിഷയില്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ക്ക് ലഭിച്ചത്. 147 നിയമസഭാ മണ്ഡലങ്ങളില്‍ 10 എണ്ണത്തില്‍ മാത്രമാണ് ബിജെപി ജയിച്ചത്.