അലമാരയെന്നു കരുതി അടിവസ്ത്രങ്ങളും സോക്സും ഫ്രിജിൽ; അശ്വിന്റെ സമ്മർദ്ദം വിവരിച്ച് ഗംഭീർ

single-img
29 March 2019

ഐ.പി.എല്ലിലെ മങ്കാദിങ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തിലാണ് ഗംഭീർ മുൻപ് നടന്ന ഒരു സംഭവം ഓർത്തെടുത്ത് അശ്വിന്റെ മങ്കാദിങ് നടപടിയോട് പ്രതികരിച്ച് ചരിക്കുന്നത്. അശ്വിന്റെ പ്രവൃത്തി ഇഷ്ടമായില്ലെന്നു പറഞ്ഞ ഗംഭീർ, ഈയൊരു സംഭവത്തിന്റെ പേരിൽ മാത്രം ചരിത്രം അദ്ദേഹത്തെ വിലയിരുത്തിയാൽ അത് നിരാശാജനകമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

2000ന്റെ തുടക്കത്തിലാണെന്നു തോന്നുന്നു, ഞാൻ ഇന്ത്യ എയ്ക്കു വേണ്ടി കളിക്കുന്ന കാലം. അന്ന് പരിശീലനത്തിനുശേഷം മുറിയിലേക്കു തിരിച്ചെത്തിയ ഞാൻ വെള്ളമെടുക്കാനായി റൂമിലെ ചെറിയ ഫ്രിജ് തുറന്നു. സത്യത്തിൽ ഞെട്ടിപ്പോയി. ഫ്രിജിന്റെ മുകളിലെ തട്ടിൽ ഭദ്രമായി മടക്കിവച്ചിരിക്കുന്ന മൂന്ന് അടിവസ്ത്രങ്ങളാണ് ഞാൻ കണ്ടത്. രണ്ടു നീലയും ഒരു കറുപ്പും. അതിനു തൊട്ടുതാഴത്തെ തട്ടിൽ മൂന്നു ജോഡി സോക്സും ഭദ്രമായി വച്ചിരുന്നു. എനിക്ക് വല്ലായ്മ തോന്നി.

അന്നൊക്കെ രണ്ടു താരങ്ങൾ ചേർന്ന് റൂം പങ്കിടുന്നതായിരുന്നു പതിവ്. അന്നുതന്നെ ദേശീയ തലത്തിൽ അറിയപ്പെടുന്ന താരമായിരുന്നു എനിക്കൊപ്പം മുറി പങ്കിട്ടിരുന്ന അശ്വിൻ. വൈകീട്ട് അശ്വിൻ വന്നപ്പോൾ ഞാൻ ഇക്കാര്യം ചോദിച്ചു. അവയെല്ലാം അദ്ദേഹത്തിന്റേതു തന്നെയായിരുന്നു. അന്ന് അദ്ദേഹം എന്നോടു പറഞ്ഞത് ഇത്ര മാത്രമാണ്.

‘കടുത്ത സമ്മർദ്ദമുണ്ട്, ഭായ്, നിങ്ങൾക്കു മനസ്സിലാകില്ല’! കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആവേശം അന്നേ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു. സമ്മർദ്ദം കൂടി പരിസരം മറന്ന അദ്ദേഹം അലമാരയാണെന്ന ധാരണയിലാണ് അടിവസ്ത്രങ്ങളും സോക്സും ഫ്രിജിൽ കൊണ്ടുപോയി വച്ചത്!

ഇതേ സമ്മർദ്ദം തന്നെയാണ് രാജസ്ഥാനെതിരായ മൽസരത്തിൽ ജോസ് ബട്‍ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ അശ്വിനെ പ്രേരിപ്പിച്ചതെന്നു ‍ഞാൻ കരുതുന്നു. ക്രിക്കറ്റ് കരിയറിൽ ഒരു തിരിച്ചുവരവു ലക്ഷ്യമിടുന്ന അശ്വിന്, അതിനു പുറമെ കിങ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനെന്ന സമ്മർദ്ദവുമുണ്ട്. ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഇടം കണ്ടെത്താൻ വിദൂര സാധ്യതയെങ്കിലും വേണമെങ്കിൽ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് അശ്വിന് അറിയാം.