ഇടമലയാർ ആനവേട്ടക്കേസ്: കൊൽക്കൊത്ത തങ്കച്ചിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഹൈക്കോടതിയിൽ ഹർജ്ജി നൽകി

single-img
29 March 2019

ഇടമലയാർ ആനവേട്ടക്കേസിലെ മുഖ്യപ്രതിയും രാജ്യാന്തര കണ്ണിയുമായ സിന്ധു എന്ന കൊൽക്കത്ത തങ്കച്ചിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. കൊൽക്കത്തയിൽ അറസ്റ്റിലായ ഇവർ അവിടെ അസി. സിജെഎം കോടതിയിൽ നിന്ന് ഏപ്രിൽ 23 വരെ മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.

വനംവകുപ്പിന്റെ സമ്മർദം ശക്തമായതിനെ തുടർന്ന് കോതമംഗലം അഡീഷണൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വയം കീഴടങ്ങണമെന്ന നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. എന്നാൽ 23 വരെ സമയമുണ്ടെന്ന സാങ്കേതിക കാരണങ്ങളാൽ കോടതി കേസ് പരിഗണിച്ചില്ല. ഉയർന്ന കോടതി അനുവദിച്ച ജാമ്യം കീഴ്കോടതി പരിഗണിക്കുന്നതിലെ അപാകത മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. തുടർന്ന് ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് വനം വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ആനക്കൊമ്പ്‌ മാഫിയയുടെ രാജ്യാന്തരകണ്ണിയായ, കൊല്‍ക്കത്ത തങ്കച്ചി എന്ന്‌ അറിയപ്പെടുന്ന തിരുവനന്തപുരം ചാക്ക സ്വദേശി സിന്ധു(57)വിനെ കൊല്‍ക്കത്തയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നും മകന്‍ അജീഷി(38)നെ തിരുവനന്തപുരത്തെ നക്ഷത്രഹോട്ടലില്‍നിന്നുമാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്‌. കൊല്‍ക്കത്തയിലേയ്‌ക്കുള്ള യാത്രാമധ്യേ തങ്കച്ചിയുടെ ഭര്‍ത്താവ്‌ ചന്ദ്രമോഹനെയും മകള്‍ അമിതയെയും കേന്ദ്ര ഇന്റലിജന്‍സ്‌ പിടികൂടിയിരുന്നു. ഇവരില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ കൊല്‍ക്കത്തയില്‍ തങ്കച്ചിയുടെ താവളം കണ്ടെത്തി കൊല്‍ക്കത്ത പോലീസിന്റെ സഹായത്തോടെ വനംവകുപ്പ്‌ അറസ്‌റ്റ്‌ നടത്തിയത്‌.

ഇവരോടൊപ്പമുള്ള ശാരീരിക വൈകല്യമുള്ള മകളെ കൂടെ കഴിയാൻ അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് കൊൽക്കത്ത അസി. സിജെഎം കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. നിലവിൽ ഹോട്ടൽ മുറിയിൽ മകൾക്കൊപ്പം കഴിയുന്ന ഇവരെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന നിലപാടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇന്നലെ കോടതിയിൽ ഹാജരാക്കിയ തങ്കച്ചിയുടെ മകൻ അജീഷിനെ (37) തെളിവെടുപ്പിനായി കോടതി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കേസിൽ പ്രതിയായ അജീഷിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നാണ് വനപാലകർ പിടികൂടിയത്.

കേരളത്തിൽനിന്ന‌് വേട്ടയാടുന്ന കാട്ടാനകളുടെ കൊമ്പ‌് ശിൽപ്പങ്ങളാക്കി വിദേശത്തേക്ക‌് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ‌് തങ്കച്ചി. കോടികളുടെ ആനക്കൊമ്പ‌് കേസിൽ പ്രതിയായ സിന്ധു വർഷങ്ങളായി കൊൽക്കത്തയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവർക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ‌് 1.03 കോടി രൂപയുടെ ആനക്കൊമ്പും ശിൽപ്പങ്ങളുമായി സുധീഷും അമിതയും ഡിആർഐയുടെ പിടിയിലാകുന്നത‌്. ആനക്കൊമ്പ‌്  കേരളത്തിൽനിന്ന‌് കൊൽക്കത്തയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ചശേഷം ശിൽപ്പങ്ങളാക്കി സിലിഗുരി വഴി നേപ്പാളിലേക്കും തുടർന്ന‌് വിദേശത്തും എത്തിക്കുകയായിരുന്നു പതിവ‌്.

കൊമ്പുകൾ കടത്തിയിരുന്ന സംഘത്തിലെ രാജ്യാന്തര ബന്ധങ്ങളുള്ള പ്രധാനി ‘ഓപ്പറേഷൻ ശിക്കാർ’ എന്നു പേരിട്ട അന്വേഷണത്തിന്റെ ഭാഗമായി 2015–ൽ ഡൽഹിയിൽ പിടിയിലായിരുന്നു. ഡൽഹിയിലെ ശക്കർപൂർ മേഖലയിൽ പ്രിയദർശിനി നഗറിലെ നാലുനില വീട്ടിൽനിന്നാണ് അന്ന് ഉമേഷ് അഗർവാൾ എന്നയാൾ പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന‌് 487 കിലോ ആനക്കൊമ്പും ശിൽപ്പങ്ങളും കണ്ടെടുത്തു.  ഇനി ആറ‌ുപേർകൂടി പിടിയിലാകാനുണ്ട‌്. ഡൽഹിയിൽ ഉമേഷും കൊൽക്കത്തയിൽ തങ്കച്ചിയുമായിരുന്നു ആനക്കൊമ്പ‌ുവ്യാപാരം നിയന്ത്രിച്ചിരുന്നതെന്ന‌ും വനംവകുപ്പ‌് കണ്ടെത്തിയിരുന്നു.

കേരള മാതൃകയിലുള്ള ആനക്കൊമ്പ‌് ശിൽപ്പങ്ങൾ തിരുവനന്തപുരത്തും മുഗൾമാതൃക ഡൽഹിയിലുമാണ‌് നിർമിച്ചിരുന്നത‌്. നേരത്തെ അറസ‌്റ്റിലായ സുധീഷിനെയും അമിതയേയും കൊൽക്കത്ത വനംവകുപ്പ‌് കേരളത്തിലെത്തിക്കുമെന്ന‌് വനംവകുപ്പ‌് പ്രിൻസിപ്പൽ ചീഫ‌് കൺസർവേറ്റർ സുരേന്ദ്രകുമാർ പറഞ്ഞു.

മലയാറ്റൂർ മേഖലയിൽ ‍നിന്നുമാത്രം ഇരുപതോളം കൊമ്പന്മാരെയാണ് സംഘം കൊന്നു കൊമ്പെടുത്തത്. ഇടുക്കി, നേര്യമംഗലം ഭാഗങ്ങളിൽ നിന്നു വേട്ടയാടിയതു വേറെയും. സംഘത്തിലെ പ്രധാന വേട്ടക്കാരനായിരുന്ന വാസു ഒളിവിലിരിക്കെ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഒളിത്താവളത്തിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിലെ ദുരൂഹതകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല.