കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദ് അറസ്റ്റില്‍: വധശ്രമം അടക്കം കുറ്റങ്ങള്‍

single-img
29 March 2019

തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അരുൺ ആനന്ദിന്റ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് വയസ്സുകാരനെ പ്രതിയായ അരുൺ ആനന്ദ് അതിക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

കുട്ടിയുടെ അമ്മയുടെയും അനുജന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊലക്കേസിൽ അടക്കം പ്രതിയാണ് അരുൺ. 2008ൽ ബിയർ കുപ്പി ഉപയോഗിച്ച് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നകേസിലെ പ്രതിയാണ് ഇയാൾ. കൂടാതെ 2007 ല്‍ ഒരാളെ മർദിച്ച കേസിലും പ്രതിയാണ് നന്തൻകോട് സ്വദേശിയായ അരുൺ ആനന്ദ്.

ക്രിമിനൽ സ്വഭാവമുള്ള ആളാണ് അരുണെന്നും ആയുധം കയ്യിൽ സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. വധശ്രമം, ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തൽ, കുട്ടികളോടുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി അരുണിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ഥിരമായി മദ്യവും ലഹരിപദാർഥങ്ങളും ഉപയോഗിച്ചിരുന്ന ആളാണ് ആനന്ദ്. ഇയാളുടെ കാറില്‍നിന്ന് മദ്യവും ഇരുമ്പു മഴുവും കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോട് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യം ചെയ്യലിനോട്  സഹകരിക്കാനോ പൊലീസ് നിർദേശിച്ചതു പോലെ ആംബുലൻസിൽ കയറാനോ ഇയാൾ തയ്യാറായില്ല.  അരുൺ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. 

എട്ട് മാസമായി അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേർത്തത്. 

തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകിയത്. ആദ്യം ഉണ്ടായ കാര്യങ്ങൾ പൊലീസിനോട് പറയാതിരുന്നത് അരുൺ ആനന്ദിനെ ഭയന്നാണ്. ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാൻ ഭയമായിരുന്നെന്നും യുവതി പറയുന്നു.

ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോൾ ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. അരുൺ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.