ബഹിരാകാശം പൊടിപടലം കൊണ്ട് താറുമാറാക്കരുത്: അമേരിക്കയുടെ മുന്നറിയിപ്പ്

single-img
28 March 2019

ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ഉപഗ്രഹവേധ മിസൈൽ പരീക്ഷണങ്ങൾ അവശേഷിപ്പിക്കുന്ന പൊടിപടലങ്ങൾ ബഹിരാകാശത്തെ താറുമാറാക്കുമെന്നാണ് അമേരിക്കയുടെ നിലപാട്.

യു എസ് ആക്ടിംഗ് ഡിഫൻസ് സെക്രട്ടറി പാട്രിക് ഷാനഹാൻ ആണ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. യു എസ് മിലിട്ടറിയുടെ ദക്ഷിണ മേഖലാ കമാൻഡ് സന്ദർശിക്കുന്നതിനിടെ ഫ്ലോറിഡയിൽ വെച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“എന്റെ സന്ദേശം ഇതാണ്: നാമെല്ലാം ബഹിരാകാശം ഉൾപ്പെടുന്നയിടത്തിലെ അന്തേവാസികളാണ്. അവിടം താറുമാറാക്കരുത്. ബഹിരാകാശം നമുക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുള്ള ഇടമാണ്. അവിടെ സ്വതന്ത്രമായി പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ടാകണം.” ഷാനഹാൻ പറഞ്ഞു.

എന്നാൽ ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന്റെ പരിണിതഫലം എന്താണെന്ന് അമേരിക്ക നിരീക്ഷിച്ചുവരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഉപഗ്രഹവേധ മിസൈലുകൾ ഉപഗ്രഹത്തെ തകർത്താൽ ഉണ്ടാകുന്ന പൊടിപടലങ്ങളും അവശിഷ്ടങ്ങളും പരിക്രമണപഥത്തിനു ചുറ്റുമായി ചിതറുകയും ഇവ മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ച് അവയുടെ നാശത്തിനിടയാക്കുകയും ചെയ്യുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

എന്നാൽ ഇന്ത്യയുടെ പരീക്ഷണത്തിൽ ഉണ്ടായ പൊടിപടലങ്ങൾ ഭൂമിയിലേയ്ക്ക് തന്നെ പതിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ പരീക്ഷണത്തിന്റെ പരിണിതഫലമായി 250-ലധികം കഷണങ്ങൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും അത് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത് വരെ നിരീക്ഷിക്കുമെന്നും യു എസ് പ്രതിരോധ കേന്ദ്രമായ പെന്റഗണിന്റെ വക്താവ് ലഫ്റ്റനന്റ് കേണൽ ഡേവ് ഈസ്റ്റ്ബേൺ അറിയിച്ചു.

നാസ മേധാവി ജിം ബ്രൈഡെൻസ്റ്റീനും ഇന്ത്യയുടെ നടപടിയെ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്.