മോദി ഒരു സ്വിച്ച് അമർത്തിയാൽ പാകിസ്ഥാൻ ടിവി കാണില്ലെന്നു പി എസ് ശ്രീധരൻപിള്ള

single-img
28 March 2019

പാകിസ്ഥാനിലെ സാറ്റലൈറ്റുകൾ നിശ്ചലമാക്കാൻ 3 മിനിട്ടുകൊണ്ട് ഇന്ത്യക്ക് സാധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള.  എന്നാൽ ഇന്ത്യ അങ്ങനെ ആഗ്രഹിക്കില്ല എന്നും, വേണമെന്ന് കരുതിയാൽ പാക്കിസ്ഥാൻ ആയാലും ചൈന ആയാലും ഇന്ത്യ അത് ചെയ്യുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

വാർത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തിയതെന്നും പ്രധാനമന്ത്രിയുടെ കഴിഞ്ഞദിവസത്തെ വെളിപ്പെടുത്തൽ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. ടെലിവിഷൻ മൊബൈൽഫോൺ കമ്പിത്തപാൽ തുടങ്ങിയ സംവിധാനങ്ങൾ മൂന്നു മിനുട്ട് കൊണ്ട് നിശ്ചലമാക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

മോദി ഇപ്പോൾ ഇന്ത്യയിൽ ഇരുന്നുകൊണ്ട് ഒരു സ്വിച്ച് അമർത്തിയാൽ പാകിസ്ഥാനിൽ  ടിവി കാണാൻ കഴിയാതാകും. കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ഒഴിച്ച് ലോകത്ത് മറ്റൊരു രാജ്യവും ഇതുവരെ സർജിക്കൽ സ്ട്രൈക്ക് നടത്തി വിജയിച്ചിട്ടില്ല.  ഈ രണ്ടു രാജ്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യ മാത്രമാണ് ഇക്കാര്യത്തിൽ വിജയം കണ്ടത്. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ഭീകരരെ അവരുടെ രാജ്യത്ത് പോയി കണ്ടെത്തി വധിച്ച് ഒരു പോറൽപോലുമേൽക്കാതെ നരേന്ദ്രമോദി തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.